ന്യൂഡൽഹി: പ്രധാനമന്ത്രി അധ്യക്ഷനായ പിഎം കെയേഴ്സ് ഫണ്ടിന് കഴിഞ്ഞ മൂന്നു വർഷത്തിനിടെ വിദേശത്തുനിന്നും ധനസഹായമായി ലഭിച്ചത് 535.44 കോടി രൂപയെന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020ൽ രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിന് 2019-20 കാലയളവിൽ 0.40 കോടിയും, 2020-21 കാലയളവിൽ 494.92 കോടിയും, 2021-22 കാലയളവിൽ 40.12 കോടിയും വിദേശ ധനസഹായമായി ലഭിച്ചു.
2019-20 മുതൽ 2021-22 വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിലായി പിഎം കെയേഴ്സ് ഫണ്ടിന് വിദേശ സംഭാവന അക്കൗണ്ടിൽ നിന്ന് 24.85 കോടി രൂപ പലിശ വരുമാനമായി ലഭിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരി പടർന്നുപിടിച്ച 2020-21 സാമ്പത്തിക വർഷത്തിൽ പിഎം കെയേഴ്സ് ഫണ്ടിന് ലഭിച്ച വിദേശ സംഭാവനകൾ കൂടുതലായിരുന്നുവെന്നും അതു കഴിഞ്ഞുള്ള സാമ്പത്തിക വർഷത്തിൽ ഇത് കുത്തനെ ഇടിഞ്ഞതായും കണക്കുകൾ കാണിക്കുന്നു.
വിദേശ സംഭാവനയിലെ ഇടിവ് പോലെ, സന്നദ്ധ സംഘടനകളിൽനിന്നുള്ള സംഭാവനകളും 2020-21 ലെ 7,183.77 കോടിയിൽ നിന്ന് 2021-22 ൽ 1,896.76 കോടി രൂപയായി കുറഞ്ഞു. 2019-20 കാലയളവിൽ സന്നദ്ധ സംഘടനകളിൽനിന്നുള്ള സംഭാവനകൾ 3,075.85 കോടിയായിരുന്നു. 2019-22 വരെയുള്ള മൂന്നു വർഷ കാലയളവിനുള്ളിൽ ആകെ 12,691.82 കോടിയാണ് പിഎം കെയേഴ്സ് ഫണ്ടിന് ലഭിച്ചത്. ഇതിൽ 12,156.39 സന്നദ്ധ സംഘടനകളിൽനിന്നും 535.43 കോടി വിദേശത്തുനിന്നുമാണ്.

കോവിഡിനെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മൂന്നു ദിവസത്തിനുശേഷം, 2020 മാർച്ച് 27 ന് 1908 ലെ രജിസ്ട്രേഷൻ ആക്ട് പ്രകാരം ഒരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി പിഎം കെയേഴ്സ് ഫണ്ട് ന്യൂഡൽഹിയിൽ രജിസ്റ്റർ ചെയ്തു. കോവിഡ് -19 പോലെ ഏതെങ്കിലും തരത്തിലുള്ള അടിയന്തര അല്ലെങ്കിൽ ദുരിത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുക, ദുരിതബാധിതർക്ക് ആശ്വാസം നൽകുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണിത് രൂപീകരിച്ചത്.
പ്രധാനമന്ത്രിയാണ് പിഎം കെയേഴ്സ് ഫണ്ടിന്റെ ചെയർമാൻ. പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവർ ട്രസ്റ്റിമാരാണ്. ജസ്റ്റിസ് കെ.ടി.തോമസ് (റിട്ട), കരിയ മുണ്ട, രത്തൻ എൻ.ടാറ്റ എന്നീ മൂന്ന് ട്രസ്റ്റിമാരെ പ്രധാനമന്ത്രി ബോർഡിലേക്ക് നാമനിർദേശം ചെയ്തു. ഫണ്ടിന്റെ വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം, പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവനകൾ 1961 ലെ ആദായനികുതി നിയമത്തിന് കീഴിലുള്ള 80G ആനുകൂല്യങ്ങൾക്ക് 100% ഇളവിന് യോഗ്യമാണ്.
പിഎം കെയേഴ്സ് ഫണ്ടിന് എഫ്‌സിആർഎ പ്രകാരം ഇളവ് ലഭിച്ചിട്ടുണ്ട്. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്. ഇതിലൂടെ പിഎം കെയേഴ്സ് ഫണ്ടിന് വിദേശ രാജ്യങ്ങളിൽനിന്നുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിക്കാമെന്ന് വെബ്സൈറ്റിൽ പറയുന്നു.
സർക്കാർ ആശുപത്രികളിലേക്കുള്ള വെന്റിലേറ്ററുകൾ, കുടിയേറ്റക്കാരുടെ ക്ഷേമം, 500 കിടക്കകളുള്ള രണ്ട് താൽക്കാലിക കോവിഡ് ആശുപത്രികൾ സ്ഥാപിക്കുക, 162 പ്രഷർ സ്വിംഗ് അബ്സോർപ്ഷൻ (PSA) മെഡിക്കൽ ഓക്സിജൻ ജനറേഷൻ പ്ലാന്റുകൾ സ്ഥാപിക്കുക, കോവിഡ്-19 വാക്‌സിനും മറ്റ് കോവിഡുമായി ബന്ധപ്പെട്ട സാധനങ്ങളും വാങ്ങുക എന്നിവയ്‌ക്കായി തുക വിതരണം ചെയ്‌തതായി പിഎം കെയേഴ്സ് ഫണ്ടിന്റെ ചെലവിന്റെ വിശദാംശങ്ങൾ കാണിക്കുന്നു. 2022 മാർച്ച് 31 വരെ, 5,4156.65 കോടി രൂപ ഫണ്ടിൽ അവശേഷിച്ചിരുന്നകായി രേഖകൾ കാണിക്കുന്നു.