കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ആരംഭിച്ച പിഎംകെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഫണ്ട് പാർലമെന്ററി സമിതി പരിശോധിക്കുന്നത് ബിജെപി തടഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫണ്ടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരേ രാഹുൽ രംഗത്തെത്തിയത്.

ചൈനീസ് കമ്പനികളാണ് പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകിയതെന്ന് എല്ലാവർക്കും അറിയാമെന്നു പറഞ്ഞ രാഹുൽ പി‌എം‌കെയേഴ്സിനായി പണം സംഭാവന നൽകിയവരുടെ പേര് വെളിപ്പെടുത്താൻ പ്രധാനമന്ത്രി ഭയപ്പെടുന്നത് എന്തുകൊണ്ടെന്നും ചോദിച്ചു. എന്തുകൊണ്ടാണ് ഫണ്ട് സംബന്ധിച്ച വിശദാംശങ്ങൾ അദ്ദേഹം പങ്കുവയ്ക്കാത്തതെന്നും രാഹുൽ ട്വീറ്റിൽ ചോദിച്ചു.

Read More: ഇന്ത്യൻ മണ്ണ് നരേന്ദ്ര മോദി ചെെനയ്‌ക്ക് അടിയറവ് വച്ചു: രാഹുൽ ഗാന്ധി

ചൈനീസ് കമ്പനികളായ ഹ്വാവേ, ഷ്വോമി, ടിക് ടോക്ക്, വൺപ്ലസ് തുടങ്ങിയ കമ്പനികളാണ് ഫണ്ടിലേക്ക് പണം നൽകിയതെന്നും രാഹുലിന്റെ ട്വീറ്റിൽ പറയുന്നു.

“പി‌എം‌കെയേഴ്സിനായി പണം സംഭാവന നൽകിയവരുടെ പേര് വെളിപ്പെടുത്താൻ പ്രധാനമന്ത്രി ഭയപ്പെടുന്നത് എന്തുകൊണ്ട്? ചൈനീസ് കമ്പനികളായ ഹ്വാവേ, ഷ്വോമി, ടിക് ടോക്ക്, വൺപ്ലസ് എന്നിവ പണം നൽകിയെന്ന് എല്ലാവർക്കും അറിയാം. എന്തുകൊണ്ടാണ് അദ്ദേഹം വിശദാംശങ്ങൾ പങ്കിടാത്തത്?” എന്നാണ് രാഹുലിന്റെ ട്വീറ്റ്.

രാജ്യത്തെ കോവിഡ് പ്രതിരോധ പദ്ധതികളിലെ ധനവിനിയോഗത്തെക്കുറിച്ചും പിഎംകെയേഴ്സ് ഫണ്ടിന്റെ കണക്കുകളും പാർലമെന്ററി സമിതി പരിശോധിക്കുന്നത് ബിജെപി തടഞ്ഞെന്ന വാർത്തയും ട്വീറ്റിനൊപ്പം രാഹുൽ പങ്കുവച്ചിട്ടുണ്ട്.

Read More: പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ്ങ് പ്രസിഡന്റ്

നേരത്തേയും പിഎം കെയേഴ്സ് ഫണ്ടിലേക്ക് ചൈനീസ് കമ്പനികൾ സംഭാവന ചെയ്തതായി പറഞ്ഞ് കോൺഗ്രസ് അടക്കമുള്ള പ്രതകിപക്ഷ കക്ഷികൾ ഭരണകക്ഷി ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും എതിരേ രംഗത്തെത്തിയിരുന്നു.

ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക എന്ന പ്രചരണം ബിജെപി അനുകൂല സംഘടനകൾ നടത്തിയിരുന്നു. ഇതിനു ശേഷം ടിക്ടോക്ക് അടക്കമുള്ള ചൈനീസ് മൊബൈൽ ആപ്പുകൾ രാജ്യത്ത് നിരോധിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പിഎം കെയേഴ്സ് ഫണ്ടിലെ ചൈനീസ് കമ്പനികളുടെ സംഭാവനകളെക്കുറിച്ച് പറഞ്ഞ് രാഹുൽ രംഗത്തെത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook