ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വിജയ് മല്യക്കെതിരായ ലുക്ക് ഔട്ട് നോട്ടീസ് സിബിഐ ദുര്‍ബലപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ വീണ്ടും പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മല്യ രക്ഷപ്പെടാന്‍ കാരണമായത് ലുക്ക് ഔട്ട് നോട്ടീസിലെ ‘ഡീറ്റെയിന്‍’ എന്ന പദം മാറ്റി ‘ഇന്‍ഫോം’ എന്നു തിരുത്തി സിബിഐ സഹായിച്ചതു മൂലമാണ്. സിബിഐ ഈ വിവരം പ്രധാനമന്ത്രിക്കു നല്‍കിയിട്ടുണ്ടായിരുന്നു. സിബിഐയുടെ പരിധിക്കുപുറത്തുള്ള കാര്യമാണിത്.

വിവാദമായ കേസിലെ ലുക്ക് ഔട്ട് നോട്ടീസിലെ തിരുത്തല്‍ പ്രധാനമന്ത്രിയുടെ അറിവില്ലാതെ നടക്കില്ല. ലുക്ക് ഔട്ട് നോട്ടീസില്‍ വിമാനത്താവള ത്തില്‍ തടഞ്ഞുവയ്ക്കണം’ എന്നതു മാറ്റി ‘റിപ്പോര്‍ട്ട് ചെയ്യണം’ എന്നാക്കി സിബിഐ തിരുത്തിയത് പ്രധാനമന്ത്രി അറിഞ്ഞാണെന്നും രാഹുല്‍ ആരോപിച്ചു.

ലണ്ടനിലേക്കു പോകും മുമ്പ് താന്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വിജയ് മല്യ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ഇന്നലെ രാഹുല്‍ വ്യക്തമാക്കിയിരുന്നു.

വിജയ് മല്യയുടെ വെളിപ്പെടുത്തിലിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. മല്യയെ രാജ്യം വിടുന്നതിന് അനുവദിച്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് തന്നെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook