അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാട്ടില്‍ എത്തും. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് മോദി തന്റെ ജന്മദേശമായ ഗുജറാത്തിലെ വട്നഗറില്‍ എത്തുന്നത്.

മോദിയെ ജന്മദേശത്തേക്ക് സ്വീകരിക്കാനായി വന്‍ തയാറെടുപ്പുകളാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ ഭാഗവും സമീപത്തെ മരങ്ങളും കഴുകി വൃത്തിയാക്കാന്‍ കഴിഞ്ഞ ദിവസം തന്നെ അഗ്‌നി ശമനസേന അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. ഗുഞ്ജ ഗ്രാമത്തില്‍ നിന്നും ഹെലികോപ്റ്ററിലായിരിക്കും മോദി വട്‌നഗറില്‍ എത്തുക. റോഡ് ഷോ ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിക്കും.

ജന്മനാട്ടിലെത്തുന്ന പ്രധാനമന്ത്രി ഇന്ന് അഞ്ഞൂറ് കോടി രൂപയുടെ ആശുപത്രിയും മെഡിക്കല്‍ കോളേജും ഉദ്ഘാടനം ചെയ്യും. ആശുപത്രി ഉദ്ഘാടനത്തിന് ശേഷം ഹട്കേശ്വര്‍ ക്ഷേത്രത്തിലേക്ക് ദര്‍നത്തിനായി മോദി പോവും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സമഗ്ര മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. മോദിയുടെ ജന്മദേശത്തേക്കുള്ള ആദ്യ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് അധികൃതര്‍ കാണുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ