ഗുവാഹത്തി: മന്ത്രിസഭാ യോഗങ്ങളിൽ ‘സീറോ അവർ’ പോലൊരു ആശയം അവതരിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപദേശിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സര്‍ക്കാരിനെക്കുറിച്ചുള്ള വിമർശനങ്ങൾ അറിയിക്കാനാണ് ഈ സമയം വിനിയോഗിക്കുക. ബുധനാഴ്ച പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അസം മുഖ്യമന്ത്രിയുടെ പ്രതികരണം.
“സര്‍ക്കാരിനെക്കുറിച്ചുള്ള പ്രതികരണങ്ങളും വിമര്‍ശനങ്ങളും എംഎല്‍എമാരില്‍നിന്ന് മന്ത്രിമാര്‍ ശേഖരിക്കും. ഈ വിവരങ്ങൾ മുതിര്‍ന്ന ഒരു മന്ത്രിക്ക് കൈമാറും. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി എത്തിയശേഷം വിശദമായ വിവരണം നടത്തും. ഉടനടി പരിഹാരം കാണാന്‍ ഇത് സഹായിക്കും,” ഹിമന്ത ബിശ്വ ശർമ ഇന്ത്യന്‍ എക്സപ്രസ് ഒപ്പിനിയന്‍ എഡിറ്റര്‍ വന്ദിത മിശ്രയോട് പറഞ്ഞു.
ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴുളള അനുഭവത്തില്‍ നിന്നാണ് പ്രാധാനമന്ത്രി ഇങ്ങനെ ഒരു ആശയം സൂചിപ്പിച്ചതെന്ന് ഹിമന്ത ബിശ്വ പറഞ്ഞു . “ഗുജറാത്തില്‍ ഞാന്‍ ഇത് ചെയ്തതാണ്, അസമിലും പ്രാവര്‍ത്തികമാക്കണം,” ഇതായിരുന്നു നരേന്ദ്ര മോദിയുടെ വാക്കുകള്‍. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ അന്ന് നരേന്ദ്ര മോദി തയാറായിരുന്നോ എന്ന ചോദ്യത്തിന് ഹിമന്തയുടെ മറുപടി ഇപ്രകാരമായിരുന്നു, “നല്ലത് പറയാന്‍ പലരും കാണും, പക്ഷെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളണം, നിങ്ങള്‍ക്ക് തിരുത്താനാകും. അദ്ദേഹം ഇത്തരം കാര്യങ്ങളെ കേള്‍ക്കാറും പ്രോത്സാഹിപ്പിക്കാറുമുണ്ട്,” വടക്കു കിഴക്കന്‍ മേഖലയിലെ ബിജെപിയുടെ പ്രധാന നേതാവ് കൂടിയായ ഹിമന്ത പറഞ്ഞു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ, യാസ് ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കാത്തതിനെ കുറിച്ച് ഹിമന്ത പരാമര്‍ശിച്ചു. “പ്രധാനമന്ത്രിയുടെ സ്ഥാനത്തെ ബഹുമാനിക്കണം. പ്രധാനമന്ത്രിക്കായി ഞാൻ എന്തിനാണ് അരമണിക്കൂര്‍ കാത്തിരിക്കേണ്ടതെന്ന് ഒരു മുഖ്യമന്ത്രിക്ക് പറയാൻ കഴിയുന്നതെന്ന വാദം എന്റെ രാഷ്ട്രീയ ജീവിതത്തില്‍ കേട്ടിട്ടില്ല.. നിരവധി മുഖ്യമന്ത്രിമാര്‍ മണിക്കൂറുകളോളം സോണിയ ഗാന്ധിയെ കാത്തിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്,” ഹിമന്ത പറഞ്ഞു.
Also Read: അസമിൽ ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
”ഞാനെന്ന ഭാവം മാറ്റിവയ്ക്കണം, പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനും അഭിവാദ്യം ചെയ്യാനും കാത്തിരിക്കാം. തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനല്ല പ്രധാനമന്ത്രി മോദി പശ്ചിമ ബംഗാളിൽ പോയത്, അവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ്,” അദ്ദേഹം പറഞ്ഞു.
പൗരത്വ റജിസ്റ്ററിലും അനുബന്ധ ജുഡീഷ്യൽ പ്രക്രിയയിലും ഇന്ത്യൻ പൗരത്വം തെളിയിക്കാൻ കഴിയാത്ത ആളുകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തുന്നതിന് മുമ്പ് വിലക്കേർപ്പെടുത്തേണ്ടിവരുമെന്ന് ശർമ്മ പറഞ്ഞു. അതേസമയം, സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയിൽ വിവേചനമില്ലാതെ ഓരോ വ്യക്തിക്കും വേണ്ടി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ആര്‍സിയില്‍ നിന്ന് 19 ലക്ഷം അപേക്ഷകരെ ഒഴിവാക്കിയിട്ടുണ്ട്. അതിർത്തി ജില്ലകളില്‍നിന്ന് ഉൾപ്പെടുത്തിയ 20 ശതമാനം ആളുകളുടേയും മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് ഉള്‍പ്പെടുത്തിയ 10 ശതമാനം പേരെയും വീണ്ടും പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നു. പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് സംസ്ഥാനത്തെ വിദേശികളുടെ ട്രൈബ്യൂണലുകളിൽ അപ്പീൽ നൽകാൻ അവസരം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായതിന് ശേഷം ഒരു വ്യക്തി ബംഗ്ലാദേശിയാണെന്ന് തെളിഞ്ഞാല്‍, മടക്കി അയക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ബംഗ്ലാദേശ് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും. “അവരെ തിരിച്ചയക്കുന്നതുവരെ പൗരന്മാരല്ലാത്തവരുടെ വിഭാഗം സൃഷ്ടിക്കേണ്ടതുണ്ട്. മൗലികാവകാശങ്ങൾ, ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങൾ, ജീവിക്കാനുള്ള അവകാശങ്ങൾ, സ്വാതന്ത്ര്യം എന്നിവ ആസ്വദിക്കാൻ അവര്‍ക്ക് അനുവാദം ഉണ്ടാകണം. പക്ഷെ ബംഗ്ലാദേശിന് കൈമാറുന്ന കാര്യങ്ങളില്‍ വ്യക്തത വരുന്നതുവരെ ഇതിനെല്ലാം വിലക്കുണ്ടായേക്കും”. സിഎഎയെ സാമുദായികമായി കാണരുതെന്നും ഹിമന്ത പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 35 ശതമാനം ന്യൂനപക്ഷങ്ങളുടെ വോട്ട് വേണ്ട എന്ന പ്രഖ്യാപനത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രി എന്ന നിലയിലും ഒരു രാഷ്ട്രീയ പ്രചാരകന് എന്ന രീതിയിലുമായിരുന്നു ഇതിനുളള അദ്ദേഹത്തിന്റെ മറുപടി. “മുഖ്യമന്ത്രി എന്ന നിലയില്‍ ആ 35 ശതമാനം ജനങ്ങൾക്ക് വേണ്ടി ഞാൻ പ്രവർത്തിക്കുമോ ഇല്ലയോ എന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും ഞാന്‍ പ്രവര്‍ത്തിക്കും. അവരുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ രൂപികരിക്കും. പക്ഷെ, ഒരു ബിജെപി പ്രവര്ത്തകന് എന്ന രീതിയില്‍ എനിക്ക് അവരുടെ വോട്ടുകള്‍ ലഭിക്കില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ എന്തിനാണ് വോട്ട് ചോദിക്കുന്നത്,” അദ്ദേഹം നിലപാട് വ്യക്തമാക്കി.