പൂണെ: രാജ്യത്ത് ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്കു കുറഞ്ഞ നിരക്കില്‍ ചാര്‍ജിങ് സംവിധാനം ഒരുങ്ങുന്നു. ആറുമാസത്തിനുള്ളില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സംവിധാനം വാഹനമേഖലയില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതായേക്കും.
രാജ്യത്തെ വാഹന വില്‍പ്പനയുടെ 80 ശതമാനവും ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ്. അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന, വാഹനങ്ങള്‍ പുറന്തള്ളുന്ന ഘടകങ്ങളുടെ പ്രധാന ഉറവിടവും ഇവയാണ്. കുറഞ്ഞ ചെലവും എളുപ്പത്തില്‍ ലഭ്യാകുന്നതുമായ ചാര്‍ജിങ് സംവിധാനം ലഭ്യമാക്കിയാല്‍ ഈ വിഭാഗത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലാകുമെന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സര്‍ക്കാരും വ്യവസായമേഖലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത പുതിയ ചാര്‍ജിങ് സംവിധാനത്തിന് 3,500 രൂപ വരെയായിരിക്കും വില. നിലവിലുള്ള ചാര്‍ജിങ് സംവിധാനങ്ങള്‍ക്കു 15,000 മുതല്‍ 20,000 രൂപ വരെ വിലവരും. പുതിയ സംവിധാനത്തിന്റെ മാതൃക വികസിപ്പിച്ചു കഴിഞ്ഞതായും വന്‍തോതില്‍ നിര്‍മിക്കാനായി അര ഡസന്‍ കമ്പനികളെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പ് (ഡിഎസ്ടി), സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫീസ്, വ്യവസായ, ഗവേഷണ ഗ്രൂപ്പുകള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ സംരംഭത്തിന്റെ ഫലമായാണ് പുതിയ സംവിധാനം.
220 വോള്‍ട്ട്, 15 ആമ്പിയര്‍ വൈദ്യുതി ലൈന്‍ സൗകര്യമുള്ള ഏത് സ്ഥലത്തും എല്ലാ കാലാവസ്ഥയിലും ചാര്‍ജിങ് ഉപകരണവും സ്ഥാപിക്കാന്‍ കഴിയും. മെട്രോ, റെയില്‍വേ സ്റ്റേഷനുകള്‍, ഷോപ്പിങ് മാളുകള്‍, ആശുപത്രികള്‍, ഓഫീസ് സമുച്ചയങ്ങള്‍, അപ്പാര്‍ട്ടുമെന്റുകള്‍, ചെറിയ കോഫി ഷോപ്പുകള്‍,െ പലചരക്ക് കടകള്‍ എന്നിവ അനുയോജ്യമായ സ്ഥലങ്ങളാണ്.
Also Read: കോവിൻ വാക്സിൻ സർട്ടിഫിക്കറ്റിലെ പേഴ്സണൽ വിവരങ്ങൾ ഓൺലൈനായി തിരുത്താം
ചാര്‍ജര്‍, മൊബൈല്‍ ഫോണുമായി ആശയവിനിമയം നടത്താന്‍ ശേഷിയുള്ള സ്മാര്‍ട്ട് ഇലക്ട്രിക് സോക്കറ്റ്, പണമിടപാട് നടത്താന്‍ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണു ചാര്‍ജിങ് സംവിധാനം.
30 മുതല്‍ 45 വരെ മിനിറ്റിനുള്ളില്‍ വാഹനം മുഴുവനായി ചാര്‍ജ് ചെയ്യാം. നിലവിലെ ബാറ്ററികള്‍ ഉപയോഗിച്ച് തന്നെ, ഒറ്റത്തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ നഗരത്തില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. ബാറ്ററി 30 മുതല്‍ 70 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 15 മിനിറ്റ് മതിയാകുമെന്ന് അധികൃതര്‍ പറഞ്ഞു.