ന്യുഡൽഹി: ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ ദർഗ്ഗയിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിൽ അടുത്ത ആഴ്ച്ച വാദം കേൾക്കും. പൂണെയിലെ നിയമ വിദ്യാർത്ഥിനികളാണ് ഹർജി സമർപ്പിച്ചത്.

നവംബർ 27ന് നിസാമുദ്ദീൻ ദർഗ്ഗ സന്ദർശിച്ചപ്പോഴാണ് ദർഗ്ഗയിൽ സ്ത്രികളുടെ പ്രവേശനം നിഷേധിക്കുന്ന തരത്തിൽ നോട്ടീസ് പതിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചതെന്ന് നിയമ വിദ്യാർത്ഥിനികൾ പറഞ്ഞു.

സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്, അതിനാൽ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും, ഡൽഹി പൊലീസിനോടും ,ദർഗ്ഗ ട്രസ്റ്റിനോടും ഹർജിയിൽ സ്ത്രീ പ്രവേശനത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

നിസാമുദ്ദീൻ ദർഗ്ഗ പൊതു സ്ഥലമാണെന്നും, അതിനാൽ വനിതാ പ്രവേശനം നിരോധിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ഹർജിയിൽ പറയുന്നു.

അഭിഭാഷകനായ കമലേഷ് കുമാർ മുഖാന്തരമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഡൽഹി പൊലീസിന്റെ ഭാഗത്ത് നിന്നും അനുഭാവപൂർവ്വമായ മറുപടിയുണ്ടായില്ലെന്നും നിയമ വിദ്യാർത്ഥികൾ പറയുന്നു.

ശബരിമലയിലെ യുവതി പ്രവേശനത്തിന്റെ വിധിയെക്കുറിച്ചും, അജമീർ ഷെരീഫ് ദർഗ്ഗ, ഹാജി അലി ദർഗ്ഗ, എന്നിവിടങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടെന്നും ഹർജിയിൽ പരാമർശിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook