ന്യൂഡൽഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് അരുൺ മിശ്ര പിന്മാറിയതോടെയാണ് കേസ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിലേക്ക് എത്തിയത്.

വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്നാണ് കരുതപ്പെടുന്നത്.. നേരത്തേ ജസ്റ്റിസ് ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിലേക്ക് കൈമാറിയതിനെ മുതിർന്ന ജസ്റ്റിസുമാർ എതിർത്ത് നിലപാട് സ്വീകരിച്ചിരുന്നു.

ജസ്റ്റിസ് ജെ ചെലമേശ്വർ, ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് മദൻ ലോകൂർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരാണ് ലോയയുടെ കേസ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിന് അനുവദിച്ചത് ക്രമം തെറ്റിച്ചാണെന്ന ആരോപിച്ച് പത്രസമ്മേളനം നടത്തിയത്. വിവാദങ്ങൾ ഒത്തുതീർക്കുന്നതിന്റെ ഭാഗമായാണോ കേസ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് വിട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ