ന്യൂഡല്‍ഹി: അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മകള്‍ ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും കൊച്ചുമകളെയും തിരികെ കൊണ്ടുവരണമെന്ന വിജെ സെബാസ്റ്റ്യന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി സുപ്രീം കോടതി. എട്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാനാണു നിര്‍ദേശം.
വിഷയത്തിന്റെ യോഗ്യത സംബന്ധിച്ച് ഒരഭിപ്രായവും പ്രകടിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണു ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബിആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. എട്ടാഴ്ചയ്ക്കു ശേഷം വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ ഹരജിക്കാരന്‍ അനുവാദം തേടിയെങ്കിലും സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ബഞ്ച് വ്യക്തമാക്കി.
സോണിയ സെബാസ്റ്റ്യന്‍ 2011-ല്‍ അബ്ദുള്‍ റാഷിദ് അബ്ദുള്ളയെ വിവാഹം കഴിക്കുന്നതിനു മുന്നോടിയായാണ് ഇസ്ലാം മതത്തില്‍ ചേര്‍ന്ന് ആയിഷ എന്ന പേര് സ്വീകരിച്ചത്്. ഭീകര സംഘടനയായ ഐഎസില്‍ ചേരുന്നതിനായി ആയിഷയും ഭര്‍ത്താവും 2016ല്‍ അഫ്ഗാനിസ്ഥാനിലേക്കു പോയി. 2019 നവംബറില്‍ മിസൈല്‍ ആക്രമണത്തില്‍ അബ്ദുള്‍ റാഷിദ് അബ്ദുള്ള മരിച്ചതിനെത്തുടര്‍ന്ന് ആയിഷ അഫ്ഗാന്‍ അധികൃതര്‍ക്കു മുമ്പാകെ കീഴടങ്ങുകയായിരുന്നുവെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിക്കുന്നതിന് മുമ്പായിരുന്നു ആയിഷയുടെ കീഴടങ്ങല്‍. താലിബാന്‍ അധികാരത്തില്‍ വന്നശേഷം ജയിലുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിര്‍ത്തിയില്‍ തടവുകാരെ തടവിലാക്കിയതായും റിപ്പോര്‍ട്ടുകളുണ്ടെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
Also Read: യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനയുടെ നിർമാണങ്ങൾ തുടരുന്നു; പാങ്കോംഗ് സോയിൽ പാലം നിർമാണത്തിൽ
മകളെയും കൊച്ചുമകളെയും തിരികെ കൊണ്ടുവരാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ഇത് അന്താരാഷ്ട്ര നിയമപ്രകാരമുള്ള മനുഷ്യാവകാശ ബാധ്യതകളുടെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍, അത് സര്‍ക്കാര്‍ തീരുമാനമെടുക്കണ്ട വിഷയമാണെന്നു ബെഞ്ച് വ്യക്തമാക്കി.
”നിങ്ങളുടെ അഭ്യര്‍ത്ഥനയില്‍ തീരുമാനമെടുക്കാന്‍ ഞങ്ങള്‍ക്കു സര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ല. കാരണം കുറ്റവാളികളെ തിരികെ കൊണ്ടുവരുന്നതു പോലുള്ളതു ഞങ്ങള്‍ക്ക് തീരുമാനങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്ന വിഷയങ്ങളല്ല… ഇതെല്ലാം സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളാണ്,” ജസ്റ്റിസ് നാഗേശ്വര റാവു പറഞ്ഞു.
സോണിയയ്‌ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസില്‍ സോണിയക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.