/indian-express-malayalam/media/media_files/uploads/2018/04/deepak-mishra-dipak-misra-pti-759.jpg)
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ കോൺഗ്രസ് നൽകിയ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. രാജ്യസഭാ ഉപാദ്ധ്യക്ഷനും ഉപരാഷ്ട്രപതിയും കൂടിയായ വെങ്കയ്യ നായിഡു ഇംപീച്ച്മെന്റ് നോട്ടീസ് തളളിയ നടപടിയെ ചോദ്യം ചെയ്ത ഹര്‍ജി ജസ്റ്റിസ് എകെ സിക്രി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുക.
സുപ്രീംകോടതി ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള കൊളീജിയം അംഗങ്ങളെ ഒഴിവാക്കിയാണ് ബെഞ്ച് രൂപീകരിച്ചത്. ഹര്‍ജി നാളെ ജസ്റ്റിസ് ചെലമേശ്വറിന്റെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ ശ്രമം നടത്തുന്നതിനിടെയാണ് തിടുക്കത്തിലുളള നടപടി. ഇംപീച്ച്മെന്റ് നോട്ടീസ് തളളിയ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ കോൺഗ്രസ് എംപിമാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ പരാതി അടിയന്തിരമായി പരിഗണിക്കണമെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വറിനോട് പരാതിക്കാർ അഭ്യർത്ഥിച്ചു.
പഞ്ചാബിൽ നിന്നുളള പ്രതാപ് സിങ് ബാജ്‌വാ, ഗുജറാത്തിൽ നിന്നുളള അമീ ഹർഷാദ്രെ യാഞ്ജനിക് എന്നീ രാജ്യസഭാംഗങ്ങളാണ് പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി, ഏകപക്ഷീയമായാണ് ഇംപീച്ച്മെന്റിനുളള പ്രതിപക്ഷ പ്രമേയം ഉപരാഷ്ട്രപതി തളളിയതെന്ന് അവർ പരാതിയിൽ പറയുന്നു.
ഏപ്രിൽ 24 നാണ് 71 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തളളിയത്. ഏഴ് പ്രതിപക്ഷ പാർട്ടികളിൽപ്പെട്ട എംപിമാരാണ് ഇംപീച്ച്മെന്റ് നോട്ടീസിൽ ഒപ്പിട്ടിരുന്നത്.
പ്രധാനമായി രണ്ട് കാരണങ്ങൾചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തളളിയത്. ചീഫ് ജസ്റ്റിസിനെതിരായി പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കിയ ശേഷം നോട്ടീസിനെക്കുറിച്ച് എംപിമാര്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ടലംഘനമാണെന്നുമാണ് നോട്ടീസ് തള്ളിയതിന് കാരണമായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടിയത്.
ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ അന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ഈ നടപടിക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.