ആറര പതിറ്റാണ്ട് കാലത്തിനിടെ ആഗോള തലത്തിൽ തന്നെ ലൈഫ്സ്റ്റൈൽ മാഗസിൻ വിഭാഗത്തിൽ പ്രശസ്തി നേടിയ പ്ലേബോയ് മാഗസിന്റെ സ്ഥാപകൻ ഹ്യൂഗ് ഹെഫ്നർ അന്തരിച്ചു. 91 വയസായിരുന്നു. ചിക്കാഗോയിലെ വസതിയിൽ സ്വാഭാവിക അന്ത്യമായിരുന്നു ഇദ്ദേഹത്തിന്റേതെന്ന് പ്ലേബോയ് എന്റർപ്രൈസസ് അറിയിച്ചു.

മരണസമയത്ത് കുടുംബാംഗങ്ങളെല്ലാം വസതിയിലുണ്ടായിരുന്നു. “മറ്റാരുടെയെങ്കിലും സ്വപ്നത്തിലുള്ള ജീവിതത്തിന് സമയം തീരെയില്ല” എന്നാണ് പ്ലേബോയ് മാഗസിൻ ഹ്യൂഗ് ഹെഫ്നറുടെ ചിത്രത്തിന് താഴെ മരണവിവരം അറിയിച്ചുകൊണ്ട് കുറിച്ചത്.

1926 ഏപ്രിൽ 9 ന് ചിക്കാഗോയിലായിരുന്നു ഹെഫ്നറുടെ ജനനം. 1953 ലാണ് ഇദ്ദേഹം പ്ലേ ബോയ് മാഗസിന് തുടക്കം കുറിച്ചത്. ഭാര്യ ക്രിസ്റ്റലിനും മക്കളായ ക്രിസ്റ്റി, ഡേവിഡ്, മാർസ്റ്റൺ, കൂപ്പർ എന്നീ നാല് മക്കൾക്കുമൊപ്പമാണ് ഇദ്ദേഹം ജീവിച്ചത്.

പ്ലേബോയ് മാഗസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണ് ക്രിസ്റ്റി. നീണ്ട 20 വർഷക്കാലമായി ഇദ്ദേഹം ഈ ചുമതല വഹിക്കുന്നുണ്ട്. മറ്റ് മൂന്ന് പേരും കമ്പനിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസർമാരാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ