Latest News

‘ദ്രാവിഡിനെ പോലെ കളിക്കൂ, സിദ്ദുവിനെ പോലെയല്ല’; റിസര്‍വ്വ് ബാങ്കിനോട് രഘുറാം രാജന്‍

സര്‍ക്കാരും റിസര്‍വ്വ് ബാങ്കും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും രഘുറാം രാജന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും റിസര്‍വ്വ് ബാങ്കും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തില്‍ റിസര്‍വ്വ് ബാങ്കിന് നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. രാഹുല്‍ ദ്രാവിഡിനെപ്പോലെയാണ് അല്ലാതെ നവ്‌ജ്യോത് സിങ് സിദ്ദുവിനെ പോലെയല്ല കളിക്കേണ്ടത് എന്നായിരുന്നു രഘുറാം രാജന്റെ നിര്‍ദ്ദേശം. മിസ്റ്റര്‍ ഡിപ്പന്റബിള്‍ എന്ന് വിളിക്കപ്പെടുന്ന താരമാണ് വന്‍ മതില്‍ രാഹുല്‍ ദ്രാവിഡ്. അതേസമയം ആക്രമണ ശൈലിയിലുള്ള കളിയുടേയും ഉച്ചത്തിലുള്ള, ആവേശം നിറഞ്ഞ കമന്ററിയുടെ പേരിലാണ് സിദ്ദു അറിയപ്പെടുന്നത്.

”രണ്ട് കൂട്ടരും പരസ്പരം കേള്‍ക്കണം. ആര്‍ബിഐയുടെ ബോര്‍ഡിന്റെ റോള്‍ മാറ്റം ആശങ്കപ്പെടുത്തുന്നതാണ്. ആര്‍ബിഐ ബോര്‍ഡ് ഒരു ഓപ്പറേഷണല്‍ ബോര്‍ഡല്ല. പ്രൊഫഷണല്‍സല്ല അതിനെ നയിക്കുന്നത്. പകരം, ജീവിതത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ളവരാണ്. ഉപദേശം നല്‍കുകയാണവര്‍ ചെയ്യേണ്ടത്. രാഹുല്‍ ദ്രാവിഡിനെ പോലെയാവണം പരിശീലകര്‍. അല്ലാതെ സിദ്ദുവിനെ പോലെ തീരുമാനങ്ങള്‍ എടുക്കാനല്ല” രഘുറാം രാജന്‍ പറഞ്ഞു.

സര്‍ക്കാരും റിസര്‍വ്വ് ബാങ്കും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എങ്കില്‍ മാത്രമേ രാജ്യത്തിന്റെ താല്‍പര്യത്തിന് അനുസരിച്ച് തീരുമാനങ്ങളെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും രഘുറാം രാജന്‍ പറഞ്ഞു. കാര്യബോധത്തോടെ തീരുമാനം എടുക്കാന്‍ റിസര്‍വ്വ് ബാങ്കിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാവുകയാണ്. 6.9 ലക്ഷം കോടിയില്‍ 3.6 ലക്ഷം കോടി തങ്ങള്‍ക്ക് നല്‍കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും ഇതിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ നടക്കില്ലെന്ന മറുപടിയാണ് നല്‍കിയത്.

കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഗവര്‍ണറും തമ്മിലുളള തര്‍ക്കത്തിലേക്ക് കാര്യങ്ങളെത്തിച്ചത് ഇതേ തുടര്‍ന്നാണ്. റിസര്‍വ് ബാങ്കിന്റെ സര്‍പ്ലസ് തുക കേന്ദ്രവും റിസര്‍വ് ബാങ്കും ഒരുമിച്ച് കൈകാര്യം ചെയ്യാനുളള പദ്ധതിയാണ് ധനകാര്യ മന്ത്രാലയം മുന്നോട്ട് വച്ചത്.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ അപ്പാടെ അട്ടിമറിക്കുന്ന നിലയിലേക്കേ ഈ നടപടി എത്തിച്ചേരൂ എന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. സമ്പദ് വ്യവസ്ഥയെ അപ്പാടെ തകിടംമറിക്കുന്ന ഈ നടപടിക്ക് കൂട്ടുനില്‍ക്കാനാവില്ലെന്നാണ് ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയിരിക്കുന്നത്.

സര്‍പ്ലസ് ഫണ്ടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചിരിക്കുന്ന നിലപാട് ഏകപക്ഷീയമാണെന്നാണ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഈ യോഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികള്‍ പങ്കെടുത്തില്ലെന്നും ധനകാര്യ മന്ത്രാലയം കുറ്റപ്പെടുത്തുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Play like rahul dravid not siddhu says raghuram rajan to rbi

Next Story
തെലങ്കാന രാഷ്ട്ര സമിതി നേതാവിനെ കല്ലെറിഞ്ഞ് കൊന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X