ന്യൂഡൽഹി: പ്ലാസ്മ തെറാപ്പി കോവിഡ് മരണങ്ങള് കുറക്കാന്‍ സഹായിക്കില്ലെന്ന് ഐസിഎംആര്‍ പഠനം. സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള 39 ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഏപ്രില്‍ 22 മുതല്‍ ജൂലൈ 14 വരെ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. നിരീക്ഷണത്തിന് വിധേയമാക്കിയ 1210 പേരിൽ മിതമായി കോവിഡ് ബാധിച്ച 464 പേരിലാണ് പഠനം നടത്തിയത്.
കോവിഡ് രോഗികളിൽ പ്ലാസ്മ തെറാപ്പി കൊണ്ട് മരണസാധ്യത കുറയ്ക്കാനോ രോഗം ഗുരുതരാവസ്ഥയിൽ തടയാനോ കഴിയില്ലെന്നാണ് ഐസിഎംആർ പഠനത്തിൽ പറയുന്നത്.
കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളുമുൾപ്പെടെ 14 ഇടങ്ങളിലെ 1210 കോവിഡ്-19 രോഗികളെ നിരീക്ഷണ വിധേയമാക്കിയാണ് ഐസിഎംആർ പഠനം നടത്തിയത്. 29 സർക്കാർ ആശുപത്രികളിലും 19 സ്വകാര്യ ആശുപത്രികളിലുമായി 39 കേന്ദ്രങ്ങളിലാണ് ഏപ്രിൽ 22 മുതൽ ജൂലൈ 14 വരെയാണ് സമാന്തര രണ്ടാം ഘട്ട ട്രയൽ നടത്തിയത്.
ഓപ്പൺ-ലേബൽ, പാരലൽ-ആം, ഫേസ് 2, മൾട്ടിസെന്റർ റാൻഡമൈസ്ഡ് കൺട്രോൾ ട്രയലാണ് 464 പേരിൽ നടത്തിയത്. 24 മണിക്കൂർ ഇടവേളയിൽ 200 മില്ലീ പ്ലാസ്മ ഡോസ് നൽകിയായിരുന്നു പഠനം. ഇതിൽ 235 പേർക്ക് കോൺവലസന്റ് പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ നൽകിയപ്പോൾ, 229 പേർക്ക് സാധാരണ ഗതിയിലുള്ള ചികിത്സയാണ് നൽകിയത്. ഇതിനെ അടിസ്ഥാനമാക്കിയാണ് മരണ നിരക്ക് കുറയ്ക്കാൻ പ്ലാസ്മ തെറാപ്പി വഴിയുള്ള ചികിത്സ സഹായിക്കുന്നില്ലെന്ന് വ്യക്തമായത്. രോഗം മൂർച്ഛിക്കുന്നത് തടയാനും പ്ലാസ്മ ചികിത്സയിലൂടെ കഴിഞ്ഞില്ലെന്നും പഠനം പറയുന്നു.
കോവിഡ് ഭേദമായയാളില്‍നിന്ന് ശേഖരിക്കുന്ന രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ച് രോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന രീതിയാണ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായ ആളുടെ രക്തത്തില്‍ രോഗാണുവിനെതിരായ ആന്റിബോഡിയുണ്ടാകും. ഇത് രോഗിയിലും പ്രവര്‍ത്തിക്കുമോയെന്ന് പരീക്ഷിക്കുകയാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്.
എന്നാൽ കോവിഡിൽ നിന്ന് രോഗമുക്തി നേടിയ ഒരാളുടെ രക്തത്തിൽ നിന്ന് ആന്റിബോഡികൾ എടുക്കുന്നതും ആ ആന്റിബോഡികളെ സജീവമായ കോവിഡ് രോഗിയിലേക്ക് മാറ്റുന്നതും വൈറസ് ബാധമൂലമുള്ള മരണം കുറയ്ക്കില്ലെന്നാണ് കണ്ടെത്തിയത്. രോഗം മൂർച്ഛിക്കുന്നത് തടയാനും ഇത് സഹായിക്കില്ലെന്നും പഠനത്തിൽ കണ്ടെത്തി.
Read in English: Plasma therapy may not reduce mortality, suggests ICMR study