ന്യൂഡൽഹി: കോവിഡ് രോഗികളിൽ രോഗം മൂർച്ഛിച്ച് മരണത്തിലേക്ക് പോവാനുള്ള സാധ്യത കുറയ്ക്കുന്നതിൽ പ്ലാസ്മ തെറാപ്പി ഫലം കാണിക്കുന്നതിന് വ്യക്തമായ തെളിവ് കണ്ടെത്താനായില്ലെന്ന് ഓൾഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഇടക്കാല പരീക്ഷണ വിശകലന ഫലം. കോവിഡ് രോഗമുക്തി നേടിയവരുടെ പ്ലാസ്മ ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. ഇത് സംബന്ധിച്ച് ഡൽഹി എയിംസിൽ നടത്തിയ ഇടക്കാല പരീക്ഷണവുമായി ബന്ധപ്പെട്ട വിശകലനത്തിലാണ് ഈ ചികിത്സാ രീതി കോവിഡ് രൂക്ഷമാവാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നിലല്ലെന്ന് ഫലം ലഭിച്ചത്.

കോവിഡിൽ നിന്ന് രോഗമുക്തി നേടിയ ഒരാളുടെ രക്തത്തിൽ നിന്ന് ആന്റിബോഡികൾ എടുക്കുകയും അത് നിലവിൽ ചികിത്സയിലുള്ള രോഗികളിൽ ചികിത്സയ്ക്കായി ഉപയോഗിക്കുകയുമാണ് പ്ലാസ്മ ചികിത്സയിൽ ചെയ്യുന്നത്.

Read More: കോവിഡ്-19 രോഗികളില്‍ മാനസിക പ്രശ്‌നങ്ങളും ഉണ്ടാകുന്നുവെന്ന് പഠനം

30 കോവിഡ് രോഗികളിലാണ് എയിംസിലെ ക്ലിനിക്കൽ ട്രയൽ നടത്തിയത്. കോവിഡ് ബാധ ഗുരുതരമായി മരണത്തിലേക്കടക്കം പോവുന്നത് ഒഴിവാക്കാൻ പ്ലാസ്മാ ചികിത്സയിലൂടെ കഴിയുമെന്നതിന് വ്യക്തമായ തെളിവൊന്നും പരീക്ഷണത്തിൽ ലഭിച്ചിട്ടില്ലെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.

പരീക്ഷണ സമയത്ത് ഒരു കൂട്ടം രോഗികൾക്ക് സാധാരണ ചികിത്സയ്‌ക്കൊപ്പം പ്ലാസ്മ തെറാപ്പിയും മറ്റൊരു കൂട്ടം രോഗികൾക്ക് സാധാരണ ചികിത്സ മാത്രമായും നൽകുകയായിരുന്നു. രണ്ട് ഗ്രൂപ്പുകളിലും, രോഗം ഗുരുതരമാവുകയും മരണത്തിലേക്കടക്കം നീങ്ങുകയും ചെയ്ത രോഗികളുടെ എണ്ണം തുല്യമാണെന്നും പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായ രോഗികളുടെ അവസ്ഥയിൽ കാര്യമായ ക്ലിനിക്കൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും രൺദീപ് ഗുലേറിയ പറഞ്ഞു.

“എന്നിരുന്നാലും, ഇത് ഒരു ഇടക്കാല വിശകലനം മാത്രമാണ്, ഏതെങ്കിലും സബ് ഗ്രൂപ്പിന് പ്ലാസ്മ തെറാപ്പിയിൽ നിന്ന് പ്രയോജനം ലഭിക്കുമോയെന്നറിയാൻ കൂടുതൽ വിശദമായ വിലയിരുത്തൽ നടത്തേണ്ടതുണ്ട്,” ഡോക്ടർ ഗുലേറിയ പറഞ്ഞു. പ്ലാസ്മ സുരക്ഷയ്ക്കായി പരിശോധിക്കേണ്ടതുണ്ടെന്നും രോഗികൾക്ക് ഉപയോഗപ്രദമാകുന്നതിന് ആവശ്യമായ ആന്റിബോഡി അതിൽ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More: ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിന്റെ പ്രധാന്യം എന്താണ്‌?

പ്ലാസ്മ ചികിത്സ സുരക്ഷിതമാണെന്നും എന്നാൽ അതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ഇതുവരെ ഗ്രീൻ സിഗ്നൽ ലഭിച്ചിട്ടില്ലെന്നും എയിംസിലെ മെഡിസിൻ വിഭാഗത്തിലെ അഡീഷണൽ പ്രൊഫസർ ഡോ. മോനിഷ് സോനെജ പറഞ്ഞു.

“പ്ലാസ്മ സുരക്ഷിതമാണ്. അതിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ചിടത്തോളം, ഞങ്ങൾക്ക് ഇതുവരെ ഒരു ഗ്രീൻ സിഗ്നൽ ലഭിച്ചിട്ടില്ല. അതിനാൽ ക്ലിനിക്കൽ ഉപയോഗം വളരെ വിവേകപൂർണ്ണമായി പരിഗണിക്കേണ്ടതും ദേശീയ മാർഗ്ഗനിർദ്ദേശങ്ങളുടെ പരിധിയിൽ വരേണ്ടതുമാണ്, ” സോനെജ പറഞ്ഞു.

“പ്ലാസ്മ ചികിത്സ ഒരു മാജിക് അല്ല. രോഗം മിതമായി ബാധിച്ച സമയത്തോ തുടക്ക കാലത്തോ ഇത് ഉപയോഗിക്കാം. ചില സ്വഭാവസവിശേഷതകളുള്ള രോഗികൾക്ക് പ്ലാസ്മ പ്രയോജനപ്പെടാം. ആ സ്വഭാവ വിശേഷങ്ങൾ നമുക്കറിയാത്തതിനാൽ ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കേണ്ടതുണ്ട്, ” സോനെജ പറഞ്ഞു.

Read More: കോവിഡ്: 10 ദിവസവും കഴിഞ്ഞ് ആര്‍ക്കൊക്കെ ഐസോലേഷന്‍ വേണം? പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

രോഗിക്ക് അനുയോജ്യമാണെന്നും രോഗം ഭേദമാവാൻ സഹായകമാവുമെന്നും ചികിത്സിക്കുന്ന ഡോക്ടർ കരുതിയാൽ ഈ ചികിത്സാ രീതി പരീക്ഷിക്കാമെന്നും അല്ലെങ്കിൽ അതിനായി നിർബന്ധം പിടിച്ചിട്ട് കാര്യമില്ലെന്നും എയിംസിലെ ഗവേഷകർ പറയുന്നു. പ്ലാസ്മ ചികിത്സയ്ക്ക് എന്തെങ്കിലും ഫലമുണ്ടെങ്കിൽ അത് രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് എയിംസിലെ പ്രൊഫസർ ഡോ. നീരജ് നിഷാൽ പറഞ്ഞു.

പ്ലാസ്മ തെറാപ്പി ഫലപ്രദമാകാൻ, പ്ലാസ്മയിൽ ആ അണുബാധയ്‌ക്കെതിരായ നിർവീര്യകരണത്തിനു സഹായിക്കുന്ന ആന്റിബോഡി അടങ്ങിയിരിക്കണമെന്നും ഡോക്ടർ പറഞ്ഞു. ഈ തെറാപ്പിയിൽ അശ്രദ്ധ കാരണം രക്തത്തിലൂടെ അണുബാധയുണ്ടാവാനുള്ള ഭീഷണിയുണ്ടെന്നും ഡോക്ടർ നിഷാൽ പറഞ്ഞു.

 Read More: No benefit of plasma therapy in reducing COVID-19 mortality risk, says AIIMS trial interim analysis

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook