ലക്‌നൗ: അയോധ്യയിൽ സരയൂ നദിക്കരയിൽ ശ്രീരാമന്റെ കൂറ്റൻ പ്രതിമ പണിയാൻ യോഗി സർക്കാർ പദ്ധതിയിടുന്നതായി ബിജെപി നേതാവ്. അയോധ്യ മുൻസിപ്പൽ കോർപറേഷൻ മേയറും ബിജെപി നേതാവുമായ ഋഷികേശ് ഉപാധ്യയാണ് ഇതുസംബന്ധിച്ച വിവരം പിടിഐയോട് പറഞ്ഞത്.

”സരയൂ നദിതീരത്ത് 151 മീറ്റർ ഉയരത്തിലുളള രാമന്റെ പ്രതിമ സ്ഥാപിക്കുന്നതിനുളള പദ്ധതി ആലോചിക്കുന്നുണ്ട്. ദീപാവലി ദിനത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കും,” അദ്ദേഹം പറഞ്ഞു. ”മണ്ണ് പരിശോധന നടത്തിയശേഷമായിരിക്കും പ്രതിമ സ്ഥാപിക്കുന്നതിനുളള സ്ഥലം നിശ്ചയിക്കുക. തുളസീദാസ് ഘട്ടിലായിരിക്കും പ്രതിമ പണിയാനുളള കൂടുതൽ സാധ്യത. ഒന്നു രണ്ടു സ്ഥലങ്ങൾ അധികൃതർ പരിശോധിക്കുന്നുണ്ട്. അതിനുശേഷമായിരിക്കും ഉചിതമായ സ്ഥലം തീരുമാനിക്കുക,” ഉപാധ്യായ പറഞ്ഞു.

ഗുജറാത്തിൽ 182 മീറ്റർ നീളമുളള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിനുപിന്നാലെയാണ് ബിജെപി നേതാവിന്റെ പരാമർശം.

”മുഖ്യമന്ത്രി എന്നതിനു പുറമേ സന്യാസി കൂടിയാണ് യോഗി ആദിത്യനാഥ്. വിശ്വാസികളുടെ താൽപര്യം പരിഗണിച്ച് രാമന്റെ ജന്മസ്ഥലമായ അയോധ്യയിൽ അദ്ദേഹം ചില പ്ലാനുകൾ തയ്യാറാക്കുന്നുണ്ട്. ദിപാവലി വരട്ടെ, നിങ്ങൾക്ക് ചില നല്ല വാർത്തകൾ കേൾക്കാം”, ഇതായിരുന്നു ഉത്തർപ്രദേശിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര നാഥ പാണ്ഡ്യ ഇന്നലെ പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ