സ്വന്തമായൊരു വീടെന്ന സ്വപ്നം പലർക്കുമുണ്ട്. ഈ സ്വപ്നം സാക്ഷാത്കരിക്കാനായി പലരും ഭവന വായ്പകളെയാണ് ആശ്രയിക്കുന്നത്. പല ബാങ്കുകളും ഭവന വായ്പകൾ നൽകുന്നുണ്ട്. ദീർഘകാലം നീണ്ടുനിൽക്കുന്ന തവണവ്യവസ്ഥകളായി ഇവ അടയ്ക്കാം. ഉയർന്ന തുകയ്ക്കുളള ഭവന വായ്പയാണ് ആവശ്യമെങ്കിൽ ഭർത്താവും ഭാര്യയും ചേർന്നുളള ജോയിന്റ് ഹോം ലോണാണ് നല്ലത്. പല ബാങ്കുകളിലും ഭവനവായ്പയ്ക്ക് സഹഅപേക്ഷകനോ /അപേക്ഷകയോ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ചിലർ സഹ ഉടമയെ സഹഅപേക്ഷകനോ/അപേക്ഷകയോയായി പരിഗണിക്കാറുണ്ട്.

ഒരുമിച്ച് ചേർന്ന് ഭവന വായ്പകളെടുക്കുമ്പോൾ ചില നേട്ടങ്ങളുമുണ്ട്. ഉയർന്ന തുകയ്ക്കുളള വായ്പ ലഭിക്കാനും ചില സമയങ്ങളിൽ ഇളവ് ലഭിക്കാനും സഹായകമാകും. നിങ്ങൾ ഭവന വായ്പയെടുക്കാൻ പദ്ധതിയിടുന്നെങ്കിൽ, ജോയിന്റ് ഹോം ലോൺ എടുക്കുന്നതിന്റെ ചില നേട്ടങ്ങൾ ഇതാ..

ഉയർന്ന വായ്പാ തുക

നിങ്ങൾ വ്യക്തിഗത വായ്പ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഭാര്യയുമായി ചേർന്നുളള ജോയിന്റ് ഹോം ലോണുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങളുടെ വായ്പയുടെ പരിധി വളരെ കുറവായിരിക്കും. നിങ്ങൾ 40 ലക്ഷത്തിന്റെ ഭവന വായ്പയ്ക്കാണ് അർഹനെങ്കിൽ ഭാര്യയുമായി ചേർന്നുളള ജോയിന്റ് ഹോം ലോണിന്റെ തുക 60-70 ലക്ഷം വരെ ലഭിക്കും.

അധിക ഇളവുകൾ

വനിത അപേക്ഷകർക്ക് പല ബാങ്കുകളും കുറഞ്ഞ നിരക്കിൽ ഭവന വായ്പകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ആയതിനാൽ, ഭവന വായ്പയ്ക്കുളള പ്രൈമറി അപേക്ഷ ഭാര്യയാണെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. വീടിന്റെ രജിസ്ട്രേഷന് ആവശ്യമായ സ്റ്റാമ്പ് ഡ്യൂട്ടി ഫീസ് സ്ത്രീകൾക്ക് താരതമ്യേന കുറവാണ്, സംസ്ഥാനങ്ങൾ അനുസരിച്ച് ഇതിൽ വ്യത്യാസമുണ്ട്.

നികുതി ആനുകൂല്യം കൂടും

നികുതി ലാഭിക്കാനായി പലരും ജോയിന്റ് ഹോം ലോണാണ് അപേക്ഷിക്കുക. ജോയിന്റ് ഹോം ലോണിൽ ഉയർന്ന നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം ഓരോ വർഷവും 1.5 ലക്ഷം രൂപ വരെ വായ്പ തുകയ്ക്ക് കിഴിവ് ലഭിക്കും. ജോയിന്റ് ഹോം ലോണാണെങ്കിൽ സെക്ഷൻ 80C പ്രകാരം ഇത് 3 ലക്ഷം വരെയാണ്. സെക്ഷൻ 24 പ്രകാരം സ്വന്തമായി വാങ്ങിയ വസ്തുവിൽ തന്നെയാണ് താമസിക്കുന്നതെങ്കിൽ നിങ്ങൾ നൽകുന്ന പലിശയ്ക്ക് പ്രതി വർഷം 2 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ജോയിന്റ് ഹോം ലോണാണെങ്കിൽ 4 ലക്ഷം ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook