ലാഹോര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ സമീപിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ജനീവ കരാര്‍ ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് മറ്റൊരു പുല്‍വാമയിലേക്ക് നയിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാക്കിസ്ഥാന് പുല്‍വാമ ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നു പറഞ്ഞ ഇമ്രാന്‍ മോദി സര്‍ക്കാരിന്റെ തീരുമാനം കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്നതാണെന്നും പറഞ്ഞു.

ബിജെപിയുടെ സ്ഥാപക നേതാക്കളുടെ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്ന, വംശീയ വിരുദ്ധ ആശയത്തിന്റെ അടിത്തറയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മുഹമ്മദ് അലി ജിന്നയുടെ കാഴ്ചപ്പാടിനെ ശരിവയ്ക്കുന്നതാണ് മോദി സര്‍ക്കാരിന്റെ നടപടിയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ആര്‍എസ്എസിന് ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാഷ്ട്രം ആയിക്കാണാനായിരുന്നു ആഗ്രഹമെന്നും മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുമെന്നും ജിന്നയ്ക്ക് അറിയാമായിരുന്നുവെന്നും അവരുടെ അജണ്ട ആദ്യം തിരിച്ചറിഞ്ഞത് ജിന്നയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കശ്മീരിനെ സഹായിക്കാന്‍ ഏതറ്റം വരേയും പോകാന്‍ സൈന്യം തയ്യാറാണെന്ന് പാക്കിസ്ഥാന്‍ ആര്‍മി തലവന്‍ ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു.

ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര നീക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചൈന രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീര്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യ എകപക്ഷീയമായ നടപടികള്‍ ഒഴിവാക്കണമെന്നും ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കാനുള്ള തീരുമാനം അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും ചൈന പ്രതികരിച്ചു.

ഇന്ത്യയുടേയും ചൈനയുടേയും അതിര്‍ത്തി പ്രദേശമായ അക്‌സായി ചിന്‍ ലഡാക്കിലാണ്. അതിനാല്‍ തീരുമാനം ചൈനയേയും ബാധിക്കുന്നതാണ്. ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് എതിര്‍പ്പ് അറിയിച്ചത്. കശ്മീരിലെ നിലവിലെ അവസ്ഥയെ കുറിച്ച് ചൈന ആശങ്കപ്പെടുന്നുണ്ടെന്നും ചൈന പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook