ചെന്നൈ: തമിഴ്നാട് സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞ് പ്രതിഷേധം. ഔദ്യോഗിക പരിപാടിക്കായി ചെന്നൈയിലെത്തിയ അമിത് ഷാ അപ്രതീക്ഷിതമായി വാഹനത്തിൽ നിന്നിറങ്ങി ജിഎസ്ടി റോഡിലൂടെ ജനങ്ങളെ അഭിവാദ്യം ചെയ്ത് മുന്നോട്ട് പോകുന്നതിനിടയിലാണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ മന്ത്രിക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞത്.
സംഭവത്തിൽ അറുപത്തേഴുകാരൻ ദുരൈരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ‘ഗോ ബാക്ക് അമിത് ഷാ’ എന്നെഴുതിയ പ്ലക്കാർഡാണ് ദുരൈരാജ് അമിത് ഷായ്ക്ക് നേരെ എറിഞ്ഞത്. ബിജെപി 2014-ൽ വാഗ്ദാനം ചെയ്ത 15 ലക്ഷം കിട്ടാത്തതിലെ പ്രതിഷേധമാണിതെന്ന് ദുരൈരാജ് പൊലീസിനോട് പറഞ്ഞു.
മന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷ ക്രമീകരണമാണ് നഗരത്തിലേർപ്പെടുത്തിയിരുന്നത്. ബാരിക്കേഡ് ഒരുക്കി ജനക്കൂട്ടത്തെ തടയുകയും ചെയ്തിരുന്നു. ഇത് മറികടന്നാണ് ദുരൈരാജ് പ്ലക്കാർഡ് എറിഞ്ഞത്. സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടപ്പെടൽമൂലം പ്ലക്കാർഡ് അമിത് ഷായുടെ ദേഹത്ത് വീഴുന്നത് ഒഴിവാക്കാനും സാധിച്ചു.