ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ‘ഫോട്ടോഷോപ്പ്’ വികസനമാണെന്ന ആരോപണം പണ്ടേ ഉള്ളതാണ്. ഇപ്പോഴിതാ അതിലേക്ക് മറ്റൊരു തെളിവു കൂടി. റഷ്യന്‍ തെരുവിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി മോദി സര്‍ക്കാറിന്റെ വികസന നേട്ടമെന്ന അവകാശവാദവുമായാണ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. കേന്ദ്ര ഊര്‍ജ മന്ത്രി പിയൂഷ് ഗോയലാണ് റഷ്യന്‍ തെരുവുകളില്‍ സ്ട്രീറ്റ് ലൈറ്റ് കത്തുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേത് എന്ന തരത്തില്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത്. ‘ജനതാ കാ റിപ്പോർട്ടർ’ ആണ് വാർത്ത നൽകുന്നത്.

രാജ്യത്തെ 50,000 കിലോമീറ്റര്‍ റോഡിലെ തെരുവുവിളക്കുകള്‍ പരിഷ്‍കരിച്ചതായുള്ള അവകാശവാദത്തിലായിരുന്നു ചിത്രത്തിന്റെ രൂപത്തില്‍ അബദ്ധം കയറിക്കൂടിയത്. മോദി സര്‍ക്കാരിന്റെ കീഴില്‍ 30 ലക്ഷം എല്‍ഇഡി തെരുവുവിളക്കുകള്‍ സ്ഥാപിച്ചു എന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. എന്നാല്‍ ഇതിന് വേണ്ടി മന്ത്രി ഉപയോഗിച്ച ചിത്രം റഷ്യന്‍ തെരുവിന്റേതായിരുന്നു. ഒറ്റനോട്ടത്തില്‍ ആര്‍ക്കും സംശയം തോന്നില്ലെങ്കിലും ട്വിറ്ററിലെ ചില കണ്ണുകള്‍ മന്ത്രിക്ക് സംഭവിച്ച അബദ്ധം മിന്നല്‍ വേഗത്തില്‍ ചൂണ്ടിക്കാട്ടി.

സ്ക്രീൻ ഷോട്ട്

‘ഉടായിപ്പ്’ കയ്യോടെ പിടിച്ചതോടെ ട്രോളുകളും പറക്കാന്‍ തുടങ്ങി. അബദ്ധം മനസിലാക്കിയ മന്ത്രി ഉടന്‍ തന്നെ ചിത്രം പിന്‍വലിച്ചു. തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദിയും അറിയിച്ചു. ഇതിന് മുമ്പ് കാനഡയിലെ ചിത്രം ഉപയോഗിച്ച് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി മോദി സര്‍ക്കാരിന്റെ വികസന പാരമ്പര്യം കൊട്ടിഘോഷിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ