തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സമരത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരത്തില്‍ എത്രയും പെട്ടെന്ന് ഇടപെടണം എന്നാവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പിണറായി വിജയന്‍ കത്തയച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ അദ്ദേഹത്തിന്റെ സന്ദര്‍ശക മുറിയില്‍ ദിവസങ്ങളായി കേജ്‌രിവാള്‍ ധര്‍ണയിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മുഖ്യമന്ത്രിയും സഹമന്ത്രിമാരുമാണു സമരമിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചതു ഡല്‍ഹിക്കാരെയും ലക്ഷക്കണക്കിനു മലയാളികളെയും ബാധിച്ചിട്ടുണ്ടെന്ന് പിണറായി കത്തില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയാണു ലഫ്റ്റനന്റ് ഗവര്‍ണറെന്നും രാജ്യതലസ്ഥാനത്തെ സമരം ദേശീയ തലത്തില്‍ മാത്രമല്ല, രാജ്യാന്തര തലത്തില്‍തന്നെ ചര്‍ച്ചയാകുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമരം ഇന്ത്യയുടെ പ്രതിച്‌ഛായയ്‌ക്കു കോട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി വ്യക്തിപരമായ താല്‍പര്യമെടുത്തു വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കുക, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേജ്‌രിവാളിന്റെ ധര്‍ണ.

ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫിസിലെ സന്ദര്‍ശകമുറിയിലാണ് ഡല്‍ഹി മുഖ്യമന്ത്രിയും സംഘവും പ്രതിഷേധിക്കുന്നത്. കേജ്‌രിവാളിന് പുറമെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ് എന്നിവരും പ്രതിഷേധിക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ