മംഗളൂരു: സിപിഎം സംഘടിപ്പിക്കുന്ന മത സൗഹാർദ റാലിയിൽ പങ്കെടുക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിൽ എത്തും. ഇതിനായി ഇദ്ദേഹം കോഴിക്കോട് നിന്ന് യാത്ര തിരിച്ചു. അതേസമയം, പരിപാടിയിൽ മുഖ്യമന്ത്രിയെ തടയുമെന്ന് വ്യക്തമാക്കി മുന്നോട്ട് വന്ന സംഘപരിവാർ സംഘടനകൾ ഇതിൽ നിന്നും പിന്മാറിയതായി ബിജെപി നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ദക്ഷിണ കന്നഡ എംപിയും ബിജെപി നേതാവുമായ നളിൻ കുമാർ കാട്ടീലാണ് തടയില്ലെന്ന കാര്യം വ്യക്തമാക്കിയത്.

എന്തു തന്നെയായാലും പരിപാടിയിൽ പങ്കെടുക്കുമെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.  ജന്മനാട്ടിൽ പോലും എതിരാളികളെ ഉന്മൂലനം ചെയ്യുന്ന  ഏകാധിപതിയാണ് പിണറായി വിജയൻ എന്നാണ് പ്രതിഷേധക്കാരുടെ വിമർശനം. ഇതിനാലാണ് ദക്ഷിണ കന്നഡ ജില്ലയിൽ ഇദ്ദേഹത്തെ കാലു കുത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞത്. വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗദൾ, ഹിന്ദു ജാഗരൺ വേദി എന്നീ സംഘടനകളാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നത്. 

ആറ് എസ്‌പിമാരാണ് മംഗളൂരുവിൽ സിപിഎം പരിപാടിക്ക് സുരക്ഷയൊരുക്കാനുള്ള ചുമതലയിലുള്ളത്. 20 എഎസ്‌പിമാർ 3000 ത്തോളം പൊലീസുകാരുടെ മേൽനോട്ടം വഹിക്കും. ദക്ഷിണ മേഖല ഐജി ക്കാണ് സുരക്ഷ മേൽനോട്ട ചുമതലയുള്ളത്.  നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചതിന് പുറമേ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് തുടങ്ങി മംഗളൂരുവിന്റെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ മത സൗഹാർദ റാലിക്ക് നിരോധനാജ്ഞയിൽ ഒഴിവുണ്ട്.

അതേസമയം, മംഗളൂരുവിൽ ഹർത്താലിന് ആഹ്വാനം ചെയ്ത സംഘപരിവാർ തീരുമാനത്തിന് എതിരെ അഞ്ച് നേതാക്കൾക്ക് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ചന്ദ്രശേഖര നോട്ടീസ് അയച്ചു. സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഹർത്താൽ അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് കമ്മിഷണർ നേതാക്കളോട് വ്യക്തമാക്കിയത്.  റോഡുകളിൽ തടസ്സം സൃഷ്ടിക്കാനോ ആളുകളെ തടയാനോ പാടില്ലെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്നലെ സിപിഎമ്മിന്റെ നേതൃത്വത്തിലും സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലും വെവ്വേറെ റാലികൾ മംഗളൂരുവിൽ നടന്നു. ഇന്ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നടക്കം പ്രതിനിധികൾ മംഗളൂരുവിലേക്ക് പോകുന്നുണ്ട്.

ഏത് വിധേനയും പരിപാടി തടയാനാണ് സംഘപരിവാർ സംഘടനകൾ ഒടുവിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. പരിപാടി നടത്തിയെടുത്താൽ മംഗളൂരുവിൽ സംഘപരിവാർ സംഘടനകൾക്ക് അത് കനത്ത ക്ഷീണമാകുമെന്ന് സിപിഎം കണക്കു കൂട്ടുന്നു. ഇതിനായി സിപിഎം മുന്നോട്ട് പോകുന്നതിനിടെയാണ് സംഘപരവാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയത്. അക്രമം നടക്കാതിരിക്കാൻ പരമാവധി സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook