കൊച്ചി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. നികുതി വിഹിതമടക്കം കേന്ദ്രത്തിൽ നിന്ന് മികച്ച സാമ്പത്തിക പിന്തുണ കേരളത്തിന് ലഭിച്ചുവെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വിഹിതത്തിൽ ഇത്തവണ കേരളത്തിന് മികച്ച പിന്തുണ ലഭിച്ചുവെന്ന് വ്യക്തമാക്കിയ അമിത് ഷാ ഇടതുപക്ഷത്തിന് കള്ളം പറയുന്ന ശീലമാണെന്നും കുറ്റപ്പെടുത്തി. ഇടതുപക്ഷം കേന്ദ്രസഹായത്തിന്റെ കാര്യങ്ങൾ അംഗീകരിക്കാത്തത് കള്ളം പറയുന്ന ശീലമുള്ളതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ അക്രമ സംഭവങ്ങളിൽ ബിജെപി യെ പൂർണ്ണമായി ന്യായീകരിച്ച അമിത് ഷാ ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം സിപിഎമ്മിന് മേൽ കെട്ടിവച്ചു. ജില്ലയിൽ നടക്കുന്ന മുഴുവൻ അക്രമങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം സിപിഎമ്മിന് മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് സിപിഎം മാത്രമാണ്. ബിജെപി പ്രവർത്തകരെ ഇക്കാര്യത്തിൽ നിയന്ത്രിക്കേണ്ട കാര്യമില്ല. സിപിഎം അക്രമം അവസാനിപ്പിച്ചാൽ കണ്ണൂരിൽ സമാധാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ