തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പൗരത്വ നിയമത്തെ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങൾക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിണറായി വിജയൻ കത്തയച്ചു.

ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കേരളത്തില്‍ ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തിവച്ചതായി പിണറായി വിജയന്‍ കത്തില്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ ഒന്നിച്ചുനില്‍ക്കണമെന്ന് കത്തില്‍ ആഹ്വാനമുണ്ട്. ബംഗാൾ, മധ്യപ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ഡൽഹി, ബിഹാർ, മഹാരാഷ്ട്ര, ഒഡീഷ, ജാർഖണ്ഡ്, പഞ്ചാബ്, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് പിണറായി വിജയൻ കത്തയച്ചിരിക്കുന്നത്.

Read Also: രാഹുല്‍ ഗാന്ധിക്ക് ഇറ്റാലിയന്‍ പരിഭാഷ നല്‍കാം; പൗരത്വ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ

രാജ്യത്തെ ഭരണഘടനാ-മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവർ ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്ന് പിണറായി വിജയൻ കത്തിൽ പറഞ്ഞിരിക്കുന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മതേതര മൂല്യങ്ങൾക്ക് വിള്ളലേൽപ്പിക്കുമെന്നുള്ളതിനാൽ കേരള നിയമസഭ അതിനെതിരെ പ്രമേയം പാസാക്കിയ കാര്യവും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭേദഗതി നിയമത്തെ എതിർക്കുന്ന എല്ലാവരും ഇത്തരം നടപടികൾ സ്വീകരിക്കണമെന്നും പിണറായി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്നും നിയമം പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. നിയമത്തെക്കുറിച്ച് അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് വെറും വോട്ട് ബാങ്കായി മാത്രമാണ് കാണുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

Read Also: ആദ്യ സിനിമയുടെ ഓഡിഷന് പോയ അതേ ടെൻഷൻ; പൊന്നിയിൻ സെൽവനെക്കുറിച്ച് ഐശ്വര്യ

“നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് ബിജെപി ഒരടി പിന്നോട്ട് പോകില്ല. ഈ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിയമത്തിനെതിരെ രംഗത്തുവന്നാലും ബിജെപി നിലപാട് മാറ്റില്ല. നിയമം നടപ്പിലാക്കുക തന്നെ ചെയ്യും. നുണ പ്രചരിപ്പിക്കുന്നവര്‍ക്ക് അത് തുടരാം” അമിത് ഷാ ജോധ്പൂരില്‍ പറഞ്ഞു. പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പൗരത്വ ഭേദഗതി നിയമം കൃത്യമായി വായിച്ചിട്ടുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ സംവാദത്തിനു വിളിക്കാം. രാജ്യത്ത് എവിടെ വേണമെങ്കിലും സംവാദം നടത്താന്‍ തയ്യാറാണ്. രാഹുല്‍ ഗാന്ധി നിയമം വായിച്ചിട്ടില്ലെങ്കില്‍ ഞാന്‍ സഹായിക്കാം. ആവശ്യമെങ്കില്‍ പൗരത്വ നിയമത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ രാഹുല്‍ ഗാന്ധിക്കായി തയ്യാറാക്കി തരാം. രാഹുല്‍ ഗാന്ധി അത് വായിച്ചുനോക്കൂ” പരിഹാസരൂപേണ ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook