ന്യൂഡൽഹി: കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവെ ഫലം. ആകെയുള്ള 140 സീറ്റിൽ 83 മുതൽ 91 വരെ സീറ്റുകൾ എൽഡിഎഫ് നേടാൻ സാധ്യതയുണ്ടെന്നാണ് എബിപി ന്യൂസ് – സി വോട്ടർ സർവെ പ്രവചിക്കുന്നത്. കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ നേടിയേക്കാം. 2016 നേക്കാൾ നില മെച്ചപ്പെടുത്തുമെങ്കിലും അധികാരത്തിലെത്താൻ യുഡിഎഫിന് സാധിക്കില്ലെന്ന് സർവെ പ്രവചിക്കുന്നു.
കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കും എന്ന ചോദ്യത്തിനു വോട്ടർമാർ പിണറായി വിജയനെ പിന്തുണച്ചു. സർവെയിൽ പങ്കെടുത്ത 38.5 ശതമാനം ആളുകളും പിണറായി വിജയൻ വീണ്ടും കേരള മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയെ 27 ശതമാനം ആളുകൾ പിന്തുണച്ചു. യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ യോഗ്യൻ ഉമ്മൻചാണ്ടിയാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. 6.9 ശതമാനം ആളുകളുടെ പിന്തുണ ഇപ്പോഴത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ്. അഞ്ച് ശതമാനം പേർ ശശി തരൂർ അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു.
തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് സർവെ പ്രവചിക്കുന്നത്. 41 ശതമാനം വോട്ട് നേടി 154 മുതൽ 162 വരെ സീറ്റുകൾ ഡിഎംക-കോൺഗ്രസ് സഖ്യം സ്വന്തമാക്കുമെന്നാണ് പ്രവചനം. അണ്ണാ ഡിഎംകെ-ബിജെപി സഖ്യം 58 മുതൽ 66 വരെ സീറ്റുമായി രണ്ടാം സ്ഥാനത്തെത്തും.
പശ്ചിമ ബംഗാളിൽ വീണ്ടും മമത ബാനർജി അധികാരത്തിലെത്തുമെന്നും സർവെ പറയുന്നു. ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ വാശിയേറിയ പോരാട്ടം നടക്കും. 294 അംഗ നിയമസഭയിൽ 148 മുതൽ 164 സീറ്റുകൾ വരെ നേടി തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തും. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റ് മാത്രം നേടിയ ബിജെപി വൻ മുന്നേറ്റമുണ്ടാക്കും. 92 മുതൽ 108 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് പ്രവചനം.
അസമിൽ 68 മുതൽ 76 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തും. കോൺഗ്രസ് 43 മുതൽ 51 വരെ സീറ്റ് നേടി രണ്ടാം സ്ഥാനത്താകുമെന്നും സർവെ പ്രവചിക്കുന്നു. ചരിത്രത്തിൽ ആദ്യമായി പുതുച്ചേരിയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും പ്രവചനം. 17 മുതൽ 21 സീറ്റ് വരെ ബിജെപി പുതുച്ചേരിയിൽ നേടാൻ സാധ്യതയുണ്ടെന്ന് സർവെ പ്രവചിക്കുന്നു. കോൺഗ്രസ് എട്ട് മുതൽ 12 വരെ സീറ്റിൽ ഒതുങ്ങുമെന്നും പ്രവചനം.