തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നടത്തിയ പ്രസംഗത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി വ്യാജപ്രചാരണത്തിലൂടെ കേരളത്തെ അവഹേളിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ സ്ഥാനത്തിന് ചേര്‍ന്നതല്ല കേരളത്തെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശമെന്ന് പിണറായി വിജയന്‍ മറുപടി നല്‍കി. കേരളത്തില്‍ ബിജെപിക്കാര്‍ക്ക് പുറത്തിറങ്ങി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് മോദി ഇന്ന് വാരണാസിയില്‍ പറഞ്ഞിരുന്നു.

Read More: കേരളത്തിൽ ബിജെപിക്കാർ പ്രവർത്തിക്കുന്നത് ജീവൻ പണയം വച്ച്: പ്രധാനമന്ത്രി

ഏത് ബിജെപിക്കാരനാണ് കേരളത്തില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുള്ളതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനപാലനമുള്ള കേരളത്തെയും കേരള ജനതയേയും പ്രധാനമന്ത്രി വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സംഘപരിവാറില്‍പ്പെട്ട അക്രമികള്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. കേരളത്തില്‍ അത് നടക്കില്ലെന്നും സംഘപരിവാറിന് കേരളത്തില്‍ മാത്രമായി പ്രത്യേക നിയമമില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

Read More: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് പ്രീണന രാഷ്ട്രീയം: നരേന്ദ്ര മോദി

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

“പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേർന്നതല്ല കേരളത്തെക്കുറിച്ചു നരേന്ദ്ര മോഡി വാരാണസിയിൽ നടത്തിയ പരാമർശങ്ങൾ. കേരളത്തില്‍ ബി.ജെ.പി.ക്കാര്‍ക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്? ഏതു ബിജെപിക്കാരനാണ് പുത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്?

രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാന പാലനവുമുള്ള കേരളത്തെയും കേരളജനതയേയും പ്രധാനമന്ത്രി തന്നെ ഇത്തരത്തിൽ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാർഹമാണ്. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നു കേന്ദ്ര സര്‍ക്കാരിന്‍റെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരം അബദ്ധ പ്രസ്താവന നടത്തുന്നതിനു മുൻപ് ആ കണക്കു നോക്കാൻ പ്രധാനമത്രി തയാറാകാഞ്ഞത് അത്ഭുതകരമാണ്.

സംഘപരിവാറില്‍പെട്ട അക്രമികൾക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യുപിയും ഗുജറാത്തും ഉള്‍പ്പെടെ ബി.ജെ.പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ല. ഇവിടെ സംഘ പരിവാറിന് പ്രത്യേക നിയമമില്ല. അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും.

വര്‍ഗീയത ഇളക്കിവിട്ട് സമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും തകര്‍ക്കാന്‍ ആര്‍.എസ്.എസ്. നേതൃത്വത്തില്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാണ് അത്തരം കലാപനീക്കങ്ങളെ പ്രതിരോധിക്കുന്നത്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്‍റെയും ശക്തികള്‍ക്ക് കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കും എന്ന ഭീതിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് പ്രേരണയാകുന്നത്.

എന്തു നുണയും പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത കൂട്ടരാണ് ആര്‍.എസ്.എസ്. നുണ പ്രചരിപ്പിക്കുന്നതിന് അവര്‍ക്ക് പ്രത്യേക രീതിയും സംവിധാനവുമുണ്ട്. രാജ്യത്തിന്‍റെ പലഭാഗത്തും ഇക്കൂട്ടര്‍ വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാക്കിയത് നുണ പ്രചരിപ്പിച്ചാണ്. ഇത്തരം നുണകള്‍ ആവര്‍ത്തിക്കാന്‍ മതസൗഹാര്‍ദത്തിനും സമാധാന ജീവിതത്തിനും പേരുകേട്ട കേരളത്തെ പശ്ചാത്തലമാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.”

കേരളത്തിലെ ബിജെപിക്കാർ പ്രവർത്തിക്കുന്നത് ജീവൻ പണയം വച്ചാണെന്നായിരുന്നു നരേന്ദ്ര മോദി വാരണാസിയിൽ പ്രസംഗിച്ചത്. കേരളത്തിൽ വോട്ട് തേടി പോകുന്ന പ്രവർത്തകർ ജീവനോടെ തിരിച്ച് മടങ്ങുമെന്ന് ഉറപ്പില്ലെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. മനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് നടത്തിയ പ്രചാരണ പൊതുയോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന.

കേരളത്തിലും ബംഗാളിലും സമാന അവസ്ഥയാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളെ ഇവിടങ്ങളിലെ പ്രവർത്തകർ ഭയപ്പെടാതെയാണ് പ്രചരണം നടത്തിയതെന്നും മോദി പറഞ്ഞു. അതേസമയം വാരണാസസിയിലെ പ്രവർത്തകർ ഇത്തരത്തിലുള്ള വെല്ലുവിളികൾ ഒന്നും നേരിടുന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook