കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങളെക്കുറിച്ചായിരുന്നു കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി രാജ്യം ചർച്ചചെയ്തത്. കേന്ദ്രമന്ത്രിമാരും , ആർഎസ്എസും കേരളത്തെ കലാപ ഭൂമിയായി ചിത്രീകരിക്കാൻ വിയർപ്പൊഴുക്കി. പാർലമെന്റിൽ കേരളത്തെ അധിക്ഷേപിച്ച് ബിജെപി എംപിമാർ ഘോരഘോരം പ്രസംഗിച്ചു, വാർത്ത സമ്മേളനങ്ങൾ നടത്തി, ദേശീയ മാധ്യമങ്ങൾ കേരളത്തെ ചോരക്കളമെന്ന് ചാപ്പകുത്തി. എന്നാൽ ഈ പ്രചരണങ്ങളെ മറികടക്കാൻ സംസ്ഥാന സർക്കാർ ഒരു പുതീയ നീക്കം നടത്തിയിരിക്കുകയാണ്. അൽപ്പം ചെലവേറിയതാണെങ്കിലും കേരള സർക്കാരിന്റെ പിആർ പണി ശ്രദ്ധേയമായി.

ഡൽഹിയിൽ ഇന്ന് പുറത്തിറങ്ങിയ ദേശീയ ദിനപത്രങ്ങളിൽ സംസ്ഥാനത്തിന്റെ പരസ്യം നൽകിക്കൊണ്ടാണ് ഈ പ്രചാരണങ്ങളെ നേരിട്ടത്. എന്ത് കൊണ്ട് കേരളം ഒന്നാമത് എന്ന തലക്കെട്ടോടെ നൽകിയ പരസ്യത്തിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തെ വരച്ച് കാട്ടുന്നു. ഒരുവിഭാഗം മാധ്യമങ്ങളും ബി ജെ പി, ആർ എസ് എസ ് പ്രചാരണത്തിന്റെ അതേ നിലയിൽ കേരളത്തിനെതിരെ ഹേറ്റ് ക്യാംപെയിൻ നടത്തുന്നതായി ശക്തമായ വിമർശനം ഉയർന്നിരുന്നു.  കുറച്ചു നാളുകളായി കേരളത്തെ കേന്ദ്രീകരിച്ച് നടത്തുന്ന ഈ ക്യാംപെയിന്റെ ഉച്ചസ്ഥായിലാണ് ഇപ്പോൾ പാർലമെന്റിൽ വരെ വിഷയം ഉയർത്തിയത്.

മറ്റ് സംസ്ഥാങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണ് കേരളത്തിന്റെ ക്രമസമാധാന പാലനം, സാമൂഹിക , ആരോഗ്യ മേഖലകളെന്നും സെന്‍സസ് ഓഫ് ഇന്ത്യ, ദേശിയ ഹെല്‍ത്ത് സര്‍വേയുടെ കണക്കുകള്‍ ഉദ്ധരിച്ച് കേരളം ചൂണ്ടിക്കാട്ടുന്നു. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് പരസ്യത്തില്‍ വ്യക്തമാക്കുന്നു.

കേരളം സന്ദർശിക്കണമെന്നും കേരളത്തിലേക്ക് നിക്ഷേപങ്ങൾ നടത്തണമെന്നും പരസ്യത്തിൽ അഭ്യർഥിക്കുന്നുണ്ട്. കേരളത്തെപ്പറ്റി ചലച്ചിത്ര താരം കമലഹാസനും, ജസ്റ്റിസ് കെ.ടി തോമസും പറഞ്ഞ വാക്കുകളും പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളിക്കുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എംപിമാര്‍ ദില്ലിയിലുണ്ട്. ഇവര്‍ക്കും കേരളത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ പരസ്യം സഹായിക്കുമെന്നാണ് സംസ്ഥാന സർക്കാർ കണക്ക് കൂട്ടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ