തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ സംസ്ഥാനത്തിന് പുറത്ത് തടയാനുള്ള തീരുമാനത്തിൽ നിന്ന് ബിജെപിയും ആർഎസ്എസും പിന്നോട്ട് പോകുന്നു. സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ പോലും പിണറായി വിജയനും സിപിഎമ്മിനും വൻ പ്രാചരം നേടിക്കൊടുക്കാനേ ഇതുവഴി സാധിക്കൂവെന്ന നിരീക്ഷണം ബിജെപിയുടെയും ആർഎസ്എസിന്റെയും നേതൃത്വം മുന്നോട്ട് വച്ചതോടെയാണ് പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോകാൻ തീരുമാനിക്കുന്നത്.

സിപിഎം സംസ്ഥാനത്തെ ബിജെപി – ആർഎസ്എസ് പ്രവർത്തകരെ കൊന്നൊടുക്കുന്നതായി മറ്റ് സംസ്ഥാനങ്ങളിൽ വലിയ തോതിൽ പ്രചാരണം നടക്കുന്നുണ്ട്. മരിച്ചവരുടെ ചിത്രങ്ങളും കൊലപാതത്തിന്റെ ദാരുണമായ ചിത്രങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ പ്രദർശനം നടത്തുന്നുണ്ട്. ഇതറിഞ്ഞ് ഇവിടങ്ങളിലെ പ്രവർത്തകർ സ്വാഭാവിക നിലയിൽ പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അല്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ പിണറായിയെ തടയാൻ നിർദ്ദേശിച്ചിട്ടില്ലെന്നുമാണ് ഇപ്പോൾ ആർഎസ്എസ് നിലപാട്.

അതേസമയം കേരളത്തിന് പുറത്ത് ഇനി പിണറായി വിജയനെ തടയില്ലെന്ന് ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ കോയമ്പത്തൂരിൽ പറഞ്ഞു. കേരളത്തിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്നതിൽ പ്രവർത്തകർ രോഷാകുലരാണെന്ന കാര്യം സിപിഎമ്മും പിണറായിയും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോയന്പത്തൂരിൽ നടന്ന പത്രസമ്മേളനത്തിൽ സിപിഎം സംസ്ഥാനത്ത് നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന് എതിരെ രാജ്യത്ത് 600 ഇടത്ത് റാലികൾ സംഘടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ശാഖാ പ്രവർത്തനം അവസാനിപ്പിക്കാൻ കേരളത്തിൽ നിയമനിർമ്മാണം നടത്തിയാൽ അതിനെ മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യവളർച്ചയ്ക്കുള്ള വ്യായാമം മാത്രമാണ് ഇവിടെ നടത്തുന്നത്. ഇത് വേണ്ടെന്ന് പറയാൻ ആർക്കാണ് സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം സെന്റർ ഫോർ കേരള സോഷ്യോ ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ സ്റ്റഡീസ് പുറത്തിറക്കിയ ആഹുതി എന്ന പുസ്തകമാണ് സിപിഎമ്മിനെതിരായ ആശയപ്രചരണത്തിൽ ബിജെപിയുടെ മുഖ്യ ആയുധം. ഇതിൽ സി.പി.എം കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങളാണ് ഉള്ളത്. ഈ നിലയിൽ തന്നെ ആശയപ്രചാരണം സംസ്ഥാനത്തിന് അകത്തും പുറത്തും ശക്തമാക്കാനാണ് ഇപ്പോൾ ആർഎസ്എസ്-ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ