scorecardresearch

Latest News

രക്തക്കറയുള്ള ഷർട്ടുമായി കൊടുങ്കാറ്റ് സൃഷ്‌ടിച്ചു; ‘സഖാവ്’ പിണറായിക്ക് കമൽഹാസന്റെ ജന്മദിനാശംസ

കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് 1970 ലാണ് പിണറായി ആദ്യമായി നിയമസഭയിലെത്തുന്നത്

ചെന്നൈ: എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് നടൻ കമൽഹാസൻ. രക്തക്കറയുള്ള ഷർട്ടുമായി നിയമസഭയിൽ പിണറായി വിജയൻ നടത്തിയ പ്രസംഗം ഓർമ്മിപ്പിച്ചാണ് കമൽഹാസന്റെ ജന്മദിനാശംസ. “രക്തക്കറയുള്ള ഷർട്ടുമിട്ട് സംസാരിച്ച് അദ്ദേഹം ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഇപ്പോൾ അദ്ദേഹം തന്റെ സംസ്ഥാനത്തെ രാജ്യം മുഴുവനും പ്രശംസിക്കുന്നതിനു ഇടയാക്കി. അതിർത്തികൾ തുറന്നിട്ടും ഞങ്ങളെ സഹോദരങ്ങൾ എന്നു വിളിച്ചും ഞങ്ങളുമായുള്ള ആത്മബന്ധം അദ്ദേഹം ഊട്ടിയുറപ്പിച്ചു. ഞങ്ങളുടെ സഖാവ് പിണറായി വിജയന് ഹൃദയംഗമമായ ജന്മദിനാശംസകൾ.” കമൽഹാസൻ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.

നിയമസഭയിലെ പ്രസംഗം

രക്തം പുരണ്ട ഷർട്ടുമായി 1977 മാർച്ച് 30 നു പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം ഇന്നും രാഷ്ട്രീയ കേരളം മറന്നിട്ടില്ല. അടിയന്തരാവസ്ഥ കാലത്ത് കൂത്തുപറമ്പ് എംഎൽഎയായിരുന്നു പിണറായി വിജയൻ. അന്ന് അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായി പ്രതികരിച്ച എംഎൽഎയായിരുന്നു പിണറായി. പിണറായിയെ അന്ന് പൊലീസ് അറസ്റ്റ് ചെയ്‌തു. കൂത്തുപറമ്പ് സ്റ്റേഷനിൽവച്ച് കൊടിയ മർദനങ്ങൾക്ക് പിണറായി ഇരയായി. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട പത്ത് പ്രതിപക്ഷ എംഎൽഎമാരിൽ ഒരാളായിരുന്നു പിണറായി വിജയൻ.

Read Also: കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രി; പിണറായിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ

കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് 1970 ലാണ് പിണറായി ആദ്യമായി നിയമസഭയിലെത്തുന്നത്. അടിയന്തരാവസ്ഥയെ തുടർന്ന് 1977 വരെ അന്നത്തെ സഭ നീണ്ടു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ നിന്ന് പിണറായി വിജയൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്തെ മർദനങ്ങളെ കുറിച്ച് 1977 മാർച്ച് 30 നു പിണറായി നിയമസഭയിൽ പ്രസംഗിച്ചു. രക്തക്കറ പുരണ്ട ഷർട്ടുമായാണ് അന്ന് പിണറായി പ്രസംഗിച്ചത്. കരുണാകരനായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തരമന്ത്രി.

75 ന്റെ നിറവിൽ പിണറായി

മുഖ്യമന്ത്രി പിണറായി വിജയന് 75 വയസ്. കോവിഡ് മഹാമാരിയെ തുടർന്ന് കേരളം ആശങ്കയുടെ തീരത്ത് നിൽക്കുമ്പോൾ ആണ് മുഖ്യമന്ത്രിയുടെ 75-ാം ജന്മദിനം കടന്നുപോകുന്നത്. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ ജന്മദിനം. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇരുപത്തിയഞ്ചാം വയസിൽ എംഎൽഎയായ പിണറായി പിന്നീട് സംസ്ഥാനത്തിന്റെ വൈദ്യുതിമന്ത്രി, പതിനഞ്ച് വർഷത്തിലേറെ സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, കേരള മുഖ്യമന്ത്രി എന്നീ പദവികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

2016 ൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലാണ് തന്റെ ജനന തീയതിയുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളോട് പിണറായി പ്രതികരിച്ചത്. അന്ന് അവിടെ കൂടിയിരുന്ന മാധ്യമപ്രവർത്തകർക്കെല്ലാം പിണറായി മധുരം വിതരണം ചെയ്‌ത് പറഞ്ഞു: “എല്ലാവർക്കും മധുരം തരുന്നുണ്ട് ആദ്യം. എന്ത് വകയാണെന്ന് പറയാൻ കഴിയോ ആർക്കെങ്കിലും? ഇന്നാണ് എന്റെ പിറന്നാൾ. അത് ഇതേവരെ രഹസ്യമായി വച്ചതാണ്. പലരും എന്നോട് ചോദിച്ചു. എപ്പോഴാണ്, എന്നാണ് പിറന്നാൾ എന്ന്. ഔദ്യോഗിക രേഖ അനുസരിച്ച് 21-3-44 ആണ്. എന്നാൽ, യഥാർഥത്തിൽ 1720 ഇടവം പത്തിനാണ്. അതായത് 1945 മേയ് 24”

Read Also: പാമ്പ് പിടിത്തക്കാരുമായി ബന്ധം: സൂരജിന്റെ ഫോൺ പരിശോധിക്കുന്നു, നുണ പരിശോധന ആവശ്യപ്പെട്ട് ഉത്രയുടെ അമ്മ

തന്റെ ജന്മദിനത്തിന്‌ വലിയ പ്രത്യേകതയില്ലെന്നും നാട്‌ നേരിടുന്ന വിഷമസ്ഥിതി മറികടക്കുകയാണ്‌ പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘നാം മുന്നോട്ട്’‌ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “ജന്മദിനത്തിന്‌ പ്രത്യേകതയൊന്നുമില്ല, ആ ദിവസം കടന്നുപോകുന്നു എന്ന്‌ മാത്രം. നാടൊന്നാകെ നേരിട്ടുകൊണ്ടിരിക്കുന്ന വിഷമസ്ഥിതിയാണ്‌ നാം പ്രധാനമായിട്ട്‌ കാണേണ്ടത്‌. ഇത്തരമൊരു ഘട്ടത്തിൽ ജന്മദിനത്തിന്റെ കാര്യത്തിലൊന്നും വലിയ പ്രസക്തിയില്ല. ആളുകൾ ആശംസ അറിയിക്കുന്നത്‌ ഇത്രയും നാൾ ആയല്ലോ എന്ന സന്തോഷത്തിൽ അയക്കുന്നതാണ്‌. അത് സ്വാഭാവികമായിട്ടുള്ള ഒന്നാണ്” പിണറായി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pinarayi vijayan birthday kamal haasan wishes cpim