അഗർത്തല: ത്രിപുരയിൽ രണ്ട് സിപിഎം നേതാക്കൾ ബിജെപിയിൽ ചേർന്നു. ത്രിപുര നിയമസഭ മുൻ സ്പീക്കർ ജിതേന്ദ്ര സർക്കാർ, ജോയ് കിഷോർ ജമാഷ്യ എന്നിവരാണ് ഞായറാഴ്ച ബിജെപിയിലേക്ക് കൂറുമാറിയത്. ജോയ് കിഷോർ ജമാഷ്യയെ അച്ചടക്ക നടപടിയെ തുടർന്ന് സിപിഎമ്മിൽ നിന്ന് നേരത്തേ പുറത്താക്കിയിരുന്നു

കോൺഗ്രസ് അംഗമായാണ് ത്രിപുര നിയമസഭയിലേക്ക് ജിതേന്ദ്ര സർക്കാർ അവസാനമായി തിരഞ്ഞെടുക്കപ്പെട്ടത്. 2015ലാണ് ഇദ്ദേഹം സിപിഎമ്മിലേക്ക് തിരികെയെത്തിയത്. ത്രിപുരയിലെ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിൽ നിന്ന് അംഗങ്ങൾ വൻതോതിൽ തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയപ്പോഴാണ് ജിതേന്ദ്ര സർക്കാർ സിപിഎമ്മിലേക്ക് തന്നെ തിരികെയെത്തിയത്.

ഇവരെ സ്വാഗതം ചെയ്ത് കൊണ്ടുള്ള ബിജെപി യോഗത്തിൽ ജിതേന്ദ്ര സർക്കാരിനെ സിപിഎം നേതാവെന്നാണ് വിശേഷിപ്പിച്ചത്. ഇദ്ദേഹം കഴിഞ്ഞ വർഷം സിപിഎമ്മിൽ ചേർന്ന സാഹചര്യത്തിലായിരുന്നു ഈ വിശേഷണം. ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ പിന്നാക്ക സമുദായ നേതാവ് 2008 ലാണ് സിപിഎം വിട്ടത്. 2010 ൽ ഇദ്ദേഹം കോൺഗ്രസിൽ ചേർന്നു.

സംസ്ഥാന ബിജെപിയ്ക്ക് കൂടുതൽ കരുത്തു പകരാൻ സിപിഎമ്മിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും വൻതോതിൽ പ്രവർത്തകരും നേതാക്കളും പാർട്ടിയിലേക്ക് എത്തുമെന്നാണ് ബിജെപി ജനറൽ സെക്രട്ടറി രാംലാൽ പറഞ്ഞത്.

സിപിഎമ്മിൽ നിന്ന് നേരത്തേ പുറത്താക്കപ്പെട്ടയാളാണ് ജോയ് കിഷോർ ജമാഷ്യ. ഇദ്ദേഹത്തിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. എന്നാൽ താൻ നിരപരാധിയാണെന്നും, പാർട്ടി നേതൃത്വത്തെ വിമർശിക്കുന്നവരെ പുറത്താക്കാൻ സിപിഎം സ്വീകരിക്കുന്ന പതിവ് രീതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനും തൃണമൂൽ കോൺഗ്രസിനും എതിരായാണ് ഇരുവരും പ്രസംഗിച്ചത്. കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ ചേർന്നെങ്കിലും തനിക്ക് പാർട്ടിയിൽ യാതൊരു ബഹുമാനവും ലഭിച്ചില്ലെന്നാണ് ജിതേന്ദ്ര സർക്കാർ പറഞ്ഞത്. സിപിഎമ്മിൽ നിന്ന് ഒരിക്കൽ പുറത്തുപോയവർ തിരികെ ആ പാർട്ടിയിലേക്ക് മടങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകരും ഡോക്ടർമാരും അടക്കമുള്ള ചിലരും ബിജെപിയിൽ ചേർന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook