ഖത്തര്‍: ബംഗ്ലാദേശ് പ്രധാനമന്ത്രിയെ കൂട്ടാനായി ഫിന്‍ലാന്‍ഡിലേക്ക് പുറപ്പെട്ട പൈലറ്റിനെ പാസ്പോര്‍ട്ട് ഇല്ലാത്തതിനെ തുടര്‍ന്ന് തിരികെ അയച്ചതായി റിപ്പോര്‍ട്ട്. ഖത്തര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ബംഗ്ലാദേശി പൈലറ്റിനെ തിരികെ അയച്ചതെന്നാണ് വിവരം. ബിമന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിലെ ക്യാപ്റ്റന്‍ ഫസല്‍ മഹ്മൂദിനെ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷനില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തിരികെ അയക്കുകയായിരുന്നു. ബുധനാഴ്ച്ച രാത്രിയാണ് ഫസല്‍ ധാക്കയില്‍ നിന്നും ഖത്തറിലേക്ക് തിരിച്ചത്. ഖത്തറില്‍ എത്തിയപ്പോള്‍ മാത്രമാണ് പാസ്പോര്‍ട്ട് കൈയില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞത്.
വ്യാഴാഴ്ച്ചയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം ഇതിന് ശേഷം ഖത്തറിലേക്കുളള മറ്റൊരു വിമാനത്തില്‍ പൈലറ്റിന്റെ പാസ്പോര്‍ട്ട് അയച്ച് നല്‍കിയതായി വ്യോമയാന സെക്രട്ടറി മൊഹീബുല്‍ ഹഖ് വ്യക്തമാക്കി. അതേസമയം എയര്‍ലൈന്‍സ് ഷൈഖ് ഹസീനയെ കൊണ്ടു വരാനായി മറ്റൊരു പൈലറ്റിനെ അയക്കുകയും ചെയ്തു.
ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ഷൈഖ് ഹസീന ഫിന്‍ലാന്‍ഡിലെത്തിയത്. ജപ്പാന്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് ഹസീന ഫിന്‍ലാന്‍ഡിലെത്തിയത്. ശനിയാഴ്ച്ചയാണ് ഫിന്ലാന്ഡില് നിന്നും ഹസീന ബംഗ്ലാദേശിലേക്ക് തിരിക്കുക. ഇതിനു മുമ്പ് പൈലറ്റ് ഫിന്ലാന്ഡില് എത്തേണ്ടതായിരുന്നു. പൈലറ്റിനെതിരെ നടപടി എടുക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന് വ്യക്തമാക്കി,