ന്യൂഡൽഹി: ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്, കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ‘കാട്ര് വെളിയിടൈ’ എന്ന ചിത്രമൊരുക്കുമ്പോള്‍, വിരമിച്ച എയര്‍ മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ത്തമാന്‍ സംവിധായകന്‍ മണിരത്‌നത്തെ ഉപദേശിച്ചു, യുദ്ധകാലത്ത് റാവല്‍പിണ്ടിയിലെ ജയിലില്‍ തടവുകാരനായി കഴിഞ്ഞ പൈലറ്റിന്റെ കഥ പറയാന്‍.

ബുധനാഴ്ചയാണ് സിംഹക്കുട്ടി വര്‍ത്തമാന്റെ മകന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക്കിസ്ഥാന്റെ പിടിലായത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടയില്‍ മിഗ് 21 വിമാനം തകര്‍ന്നതിനെ തുടര്‍ന്നാണ് അഭിനന്ദന്‍ പാക്കിസ്ഥാന്റെ പിടിയിലായത്.

‘പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ കസ്റ്റഡിയില്‍ ഒരു പൈലറ്റ് മാത്രമേയുള്ളൂ. സൈന്യത്തിന്റെ ധാര്‍മ്മികത അനുസരിച്ചു തന്നെയാണ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ പരിചരിക്കുന്നത്,’ പാക്കിസ്ഥാന്‍ വ്യോമസേനയുടെ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ഇതിന് പുറകെ പാക്കിസ്ഥാന്‍ അഭിനന്ദന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഒരു വീഡിയോയില്‍ സംഘം ചേര്‍ന്ന് അഭിനന്ദനെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളായിരുന്നെങ്കില്‍ മറ്റൊന്നില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നു. തന്റെ ഉദ്ദേശ്യലക്ഷ്യത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ‘ക്ഷമിക്കണം, എനിക്കത് നിങ്ങളോട് പറയാന്‍ സാധിക്കില്ല,’ എന്നദ്ദേഹം മറുപടി നല്‍കുന്നത് കേള്‍ക്കാം.

വൈകുന്നേരം കേന്ദ്ര മന്ത്രി രാജ്യവർധന്‍ റാത്തോഡ് തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിങ്ങനെ: ‘ഒരു വ്യോമ സേന പോരാളി എന്ന നിലയില്‍ തന്റെ സുരക്ഷയെ പോലും പരിഗണിക്കാതെയാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്കായി നിലകൊണ്ടത്. അദ്ദേഹത്തിന്റെ ക്ഷേമത്തിനും പെട്ടെന്നുള്ള തിരിച്ചുവരവിനുമായി ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.’

2004, ജൂണ്‍ 19നാണ് അഭിനന്ദന്‍ ഫൈറ്റര്‍ പൈലറ്റായി നിയോഗിക്കപ്പെട്ടത്. അടുത്തിടെയാണ് തമിഴ്‌നാട്ടിലെ വെല്ലിങ്ടണിലുള്ള ഡിഫെന്‍സ് സർവീസ് സ്റ്റാഫ് കോളേജില്‍ നിന്നും അദ്ദേഹം പരിശീലനം പൂര്‍ത്തിയാക്കിയത്. വിവാഹിതനാണ് അഭിനന്ദന്‍. അദ്ദേഹത്തിന്റെ അമ്മ ഒരു ഡോക്ടറാണ്. അദ്ദേഹത്തിന്റെ പിതാവിനെ പരം വിശിഷ്ട് സേവാ മെഡല്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook