ചെന്നൈ: ബസിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് എടുക്കണമെന്ന് ആ പ്രാവ് അറിഞ്ഞിരുന്നില്ല. ആകാശത്ത് പാറി പറന്ന് നടക്കാൻ ആരുടെയും ടിക്കറ്റ് വേണ്ടല്ലോ? പാവം പ്രാവ് ചിലപ്പോൾ അതോർത്തിട്ടുണ്ടാവും. എന്നാൽ പ്രാവിന്റെ ഫ്രീയായുളള യാത്ര മൂലം പണി കിട്ടിയത് പാവം ബസ് കണ്ടക്ടർക്കാണ്. ബസിൽ യാത്ര ചെയ്ത പ്രാവിന് ടിക്കറ്റ് നൽകാത്തതിന്റെ പേരിൽ ബസ് കണ്ടക്ടർക്ക് പിഴ ചുമത്തിയിരിക്കുകയാണ് ട്രാൻസ്പോർട്ട് അധികൃതർ. തമിഴ്നാട്ടിലാണ് ഈ വിചിത്രമായ സംഭവം ഉണ്ടായത്.

ഇല്ലവാടി എന്ന ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസ് പരിശോധനയ്ക്കായി അധികൃതർ കൈകാണിച്ച് നിർത്തി. അപ്പോഴാണ് ബസിന്റെ ജനാല സീറ്റിനരികിൽ ഒരു പ്രാവ് ഇരിക്കുന്നത് കണ്ടത്. തൊട്ടടുത്ത സീറ്റിൽ മദ്യപാനിയായ ഒരാൾ പ്രാവിനോട് എന്തൊക്കെയോ സംസാരിക്കുന്നതും കണ്ടു. ഉടൻതന്നെ അധികൃതർ കണ്ടക്ടറുടെ അടുത്തെത്തി പ്രാവിന് ടിക്കറ്റ് നൽകിയോ എന്നു ചോദിച്ചു. ചോദ്യം കേട്ട് കണ്ടക്ടർ അമ്പരന്നുപോയി. അതിനുപിന്നാലെ പ്രാവിന് ടിക്കറ്റ് നൽകാത്തതിന്റെ പേരിൽ അധികൃതർ കണ്ടക്ടർക്ക് പിഴയും നൽകി.

ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റിന്റെ നിയമം അനുസരിച്ച് ഒരാൾ 30 ലധികം പ്രാവുകൾ ബസിൽ കൊണ്ടുപോവുകയാണെങ്കിൽ ഫുൾ ടിക്കറ്റിന്റെ നാലിനൊന്നു നൽകണം. എന്നാൽ ഒരു പ്രാവ് യാത്ര ചെയ്താൽ ടിക്കറ്റ് എടുക്കണോ എന്ന കാര്യം നിയമത്തിൽ പറഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ