ന്യൂഡല്‍ഹി : ആറുമാസമായ് തടവില്‍ കഴിയുകയായിരുന്ന കശ്മീരി ഫോട്ടോ ജേര്‍ണലിസ്റ്റ് കമ്രാന്‍ യൂസഫിന് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. കല്ലെറിഞ്ഞു, അട്ടിമറി പ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടു’ തുടങ്ങിയ ആരോപണങ്ങളിലാണ് കമ്രാന്‍ യൂസഫിനെ അറസ്റ്റ് ചെയ്തത്. അമ്പതിനായിരം രൂപയും രണ്ടുപേരുടെ ആള്‍ ജാമ്യത്തിലുമാണ് അഡീഷണല്‍ ജഡ്ജി തരുണ്‍ ഷെരാവത്ത് കമ്രാന്‍ യൂസഫിന് ജാമ്യമനുവദിച്ചത്.

‘ദേശവിരുദ്ധ ശക്തികളുമായ് നിരന്തരം ബന്ധം പുലര്‍ത്തി’ എന്നാരോപിച്ചുകൊണ്ട് സെപ്റ്റംബര്‍ അഞ്ചിന് ദേശീയ സുരക്ഷാ ഏജന്‍സിയാണ് (എന്‍ഐഎ) മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്നത്. പതിനെട്ട് തവണകളായി നടന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.

കല്ലേറ് നടക്കുന്ന ഇടങ്ങളില്‍ കമ്രാന്‍ യൂസഫിനെ കാണാറുണ്ട്‌ എന്നായിരുന്നു ദേശീയ സുരക്ഷാ ഏജന്‍സി കോടതിയില്‍ വാദിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് അദ്ദേഹം ഇത്തരം ഇടങ്ങളില്‍ എത്തിയിരുന്നത് എന്ന്‍ എന്‍ഐഎ ആരോപിച്ചു.

” ഒരു യതാര്‍ത്ഥ മാധ്യമപ്രവര്‍ത്തകന്‍ ആണ് എങ്കില്‍ ഒരാളുടെ ധാര്‍മികമായ ചുമതല അയാളുടെ മേഖലയിലുള്ള (നല്ലതും ചീത്തയുമായ) സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ്. എന്നാല്‍ കമ്രാന്‍ ഇതുവരെയും സര്‍ക്കാരിന്റെയോ ഏജന്‍സികളുടെയോ വികസനപ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു ആശുപത്രിയുടെയോ സ്കൂള്‍ കെട്ടിടത്തിന്റെയോ റോഡിന്റെയോ പാലത്തിന്റെയോ ഉദ്ഘാടനമോ അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങളോ ഇന്ത്യന്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല” കമ്രാന്‍ യൂസഫിനെതിരായ കുറ്റപത്രത്തില്‍ എന്‍ഐഎ ആരോപിച്ചു.

” തുടക്കം മുതല്‍ ഞങ്ങള്‍ പറഞ്ഞത് അവന്‍ കുറ്റക്കാരനല്ല എന്നതാണ്. അത് ശരിവെക്കുന്നതാണ് കോടതി വിധി.” കമ്രാന്‍ യൂസഫിന്റെ അമ്മാവന്‍ ഇര്‍ഷാദ് അഹമദ് ഗനായ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook