ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫൊട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി ഉൾപ്പെടെ നാല് ഇന്ത്യക്കാർക്കു പുലിറ്റ്സർ പുരസ്‌കാരം. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെയും മരണങ്ങളുടെയും തീവ്രത കാണിച്ച ചിത്രങ്ങൾക്കാണു പുരസ്കാരം.
ഫീച്ചർ ഫൊട്ടോഗ്രാഫി വിഭാഗത്തിലാണ് പുരസ്‌കാരം. റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയിലെ ഡാനിഷിന്റെ സഹപ്രവർത്തകരായ അദ്‌നാൻ അബിദി, സന്ന ഇർഷാദ് മട്ടൂ, അമിത് ഡേവ് എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റു മൂന്ന് പേർ.
കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ അഫ്ഗാൻ സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മുപ്പത്തിയെട്ടുകാരനായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെടുന്നത്. ഡാനിഷിന്റെ രണ്ടാം പുലിറ്റ്സർ പുരസ്‌കാരമാണിത്. 2018ൽ റോഹിങ്ക്യൻ പ്രതിസന്ധിയെ കുറിച്ചുള്ള റിപ്പോർട്ടുകൾക്കാണ് ഡാനിഷ് സിദ്ദിഖി നേരത്തെ പുലിറ്റ്സർ പുരക്‌സാരം നേടിയത്.
ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ സിദ്ദിഖി 2007ൽ ജാമിഅയിലെ മാസ് കമ്മ്യൂണിക്കേഷൻ റിസർച്ച് സെന്ററിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിലും ബിരുദം നേടി.
ടെലിവിഷൻ റിപ്പോർട്ടറായി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് ഫൊട്ടോ ജേർണലിസത്തിലേക്ക് മാറുകയായിരുന്നു, 2010 ലാണ് റോയിട്ടേഴ്‌സിൽ ഇന്റേൺ ആയി ചേർന്നത്.
Also Read: പഞ്ചാബ് പൊലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ആക്രമണം; അന്വേഷണം തുടങ്ങി