ജയ്പൂര്‍: ബിജെപി നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജ് സിന്ധ്യ ദേശീയ ഗാനത്തിനിടെ ഫോണില്‍ സംസാരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതി നടന്ന ബി.ജെ.പി കാര്യസമിതി യോഗത്തിലാണ് സംഭവം. ‘ജന്‍താ കാ റിപ്പോര്‍ട്ടര്‍’ ആണ് വാർത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദേശീയതയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി സ്വയം അവരോധിച്ചിട്ടുള്ള ബി.ജെ.പിയുടെ ഒരു മുഖ്യമന്ത്രി തന്നെ ദേശീയ ഗാനത്തെ അവഹേളിക്കുന്ന ചിത്രം ട്വിറ്ററില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഫോണിലൂടെ ദേശീയ ഗാനം ആലപിക്കുന്ന വസുന്ധരയാണ് യഥാര്‍ത്ഥ ദേശീയവാദിയെന്നാണ് ആജ് തകിലെ മാധ്യമപ്രവര്‍ത്തകന്‍ നീരജ് യാദവിന്റെ കമന്റ്. ആര്‍.എസ്.എസ് പാടിയ ദേശീയ ഗാനം വസുന്ധര രാജ് ഫോണിലൂടെ കേള്‍ക്കുന്നു എന്നാണ് മറ്റൊരാളുടെ കമന്റ്.

തിയേറ്ററില്‍ ദേശീയ ഗാനം മുഴങ്ങുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞവരൊക്കെ എവിടെയെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ