ന്യൂഡല്‍ഹി: കൊള്ളക്കാരിയില്‍ നിന്ന് രാഷ്ട്രീയക്കാരിയായി മാറിയ ഫൂലന്‍ദേവിയെ കൊലപ്പെടുത്തിയ പ്രതികളില്‍ ഒരാള്‍ ഷേര്‍ സിംഗ് റാണ വിവാഹിതനായി. മധ്യപ്രദേശ് സ്വദേശിനിയായ 32കാരിയെ ആണ് 41കാരനായ റാണ വിവാഹം ചെയ്തത്. കൊലപാതക കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ റാണ് ചൊവ്വാഴ്ച്ചയാണ് വിവാഹതനായത്.

എല്ലാം ദൈവത്തിന് വിടുന്നെന്നും കേസ് തീരാന്‍ എത്ര കാലം എടുക്കുമെന്ന് അറിയില്ലെന്നും റാണ പ്രതികരിച്ചു. മധ്യപ്രദേശ് സ്വദേശിനിയായ പ്രതിമ സിംഗിനെയാണ് അദ്ദേഹം വിവാഹം ചെയ്തത്.
നാല്‍പ്പത്തിനാലാം വയസ്സില്‍ ഷേര്‍സിംഗിന്റെ വെടിയേറ്റാണ് ഫൂലന്‍ ദേവി കൊല്ലപ്പെട്ടത്. ഷേര്‍സിംഗ് റാണ കുറ്റവാളിയാണെന്ന് വിചാരണ കോടതി കണ്ടെത്തുന്നത് ആഗസ്ത് 8-ആം തീയതിയാണ്. ഫൂലന്‍ ദേവിയുടെ ജന്മദിനത്തിനു രണ്ടു ദിവസം മുമ്പ്.

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധയായ കൊള്ളക്കാരി ജനിക്കുന്നത് 1963 ആഗസ്ത് 10-നാണ്. ചമ്പല്‍ക്കാടുകളിലെ ഭീകരതയുടെ പര്യായമായി മാറിയിരുന്നു ഫൂലന്‍ ദേവി എന്ന പേര്. ഒരു കീഴ്ജാതിക്കാരിയായ സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് ഏവരും ഭയക്കുന്ന ക്രൂരയായ കൊള്ളക്കാരിയിലേക്കുള്ള ഫൂലന്‍ ദേവിയുടെ ജീവിതയാത്ര ഒരു നാടോടിക്കഥപോലെയാണ്. ഉത്തര്‍പ്രദേശിലെ ഖുരക പുര്‍വ ഗ്രാമത്തില്‍ തോണിക്കാരുടെ കുടുംബത്തിലാണ് ഫൂലന്‍ ദേവി ജനിക്കുന്നത്. ജാതിവൈര്യത്തിന്റെ പേരില്‍ പിടികൂടപ്പെട്ട ഫൂലന്‍ ദേവി ക്രൂരമായ ബലാത്സംഗത്തിനു ഇരയായി. അവളെ പിന്നീട് നഗ്നയായി നടത്തി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തന്നെ ദ്രോഹിച്ചവര്‍ക്ക് തിരച്ചടികൊടുക്കാനുള്ള തീരുമാനമാണ് 1979 ല്‍ ഒരു കൊള്ളസംഘത്തിനൊപ്പം ചേരാനും അടുത്ത നാലുവര്‍ഷത്തോളം ചമ്പല്‍ തന്റെ നായാട്ട്‌ മൈതാനമാക്കി മാറ്റാനും ഫൂലന്‍ ദേവിയെ പ്രേരിപ്പിച്ചത്. ഈ കൊള്ളംസംഘത്തിന്റെ തലവന്‍ വിക്രം മല്ലായുമായി ഫൂലന്‍ദേവി അടുപ്പത്തിലുമായി. 1981 ഫെബ്രുവരി 14ന് തന്നെ ബലാത്സംഗം ചെയ്ത ഉന്നതകുല ജാതിയില്‍പ്പെട്ട 22 പേരെ ഫൂലന്‍ദേവിയും സംഘവും കൂട്ടക്കൊല ചെയ്തു. ബഹാമി കൂട്ടക്കൊല്ലയെന്ന് അറിയപ്പെട്ട ഈ അരുംകൊലയ്‌ക്കെതിരെ രാജ്യവാപകമായ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് 1983 ഫെബ്രുവരിയയില്‍ കീഴടങ്ങാന്‍ ഫൂലന്‍ ദേവി സന്നദ്ധയായി. അതെത്തുടര്‍ന്ന് അവര്‍ ജയില്‍ ജീവിതത്തിന് അയക്കപ്പെട്ടു.

പതിനഞ്ച് വര്‍ഷത്തിനുശേഷം 1996 ലാണ് ഫൂലന്‍ ദേവി ജയിലില്‍ നിന്ന് സ്വതന്ത്രയാകുന്നത്. പുറത്തിറങ്ങിയ അവര്‍ തെരഞ്ഞെടുത്തതാകട്ടെ രാഷ്ട്രീയവും. പതിനൊന്നാം ലോകസഭയിലേക്ക് സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച അവര്‍ ഉത്തര്‍പ്രദേശിലെ മിസാപൂര്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1998 ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ പരാജയമായിരുന്നെങ്കിലും 1999 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ വീണ്ടും എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.

2001 ജൂലായ് 25 നാണ് പാര്‍ലമെന്റില്‍ നിന്ന് അധികം അകലെയല്ലാത്ത അവരുടെ ഔദ്യോഗികവസതിയുടെ മുന്നില്‍വച്ച് മുഖംമൂടികളായ മൂന്ന്‌ പേരുടെ വെടിയേറ്റ് ഫൂലന്‍ ദേവി കൊല്ലപ്പെടുന്നത്. പിന്നീട് പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെട്ട ശ്യാം ഷേര്‍സിംഗ് റാണ സവര്‍ണ്ണജാതിയോട് ഫൂലന്‍ദേവി ചെയ്തതിന് പ്രതികാരമായാണ് അവരെ കൊന്നതെന്ന് പറയുകയുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ