scorecardresearch
Latest News

ചാരവൃത്തി അന്വേഷണത്തിന്റെ ഭാഗമായി ഫോണുകൾ പിടിച്ചെടുത്തു; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടി നാല് സൈനികർ സുപ്രീംകോടതിയിൽ

മാർച്ചിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മിലിട്ടറി ഇന്റലിജൻസിന്റെ (ഡിജിഎംഐ) നിർദേശപ്രകാരം സൈനിക അധികാരികൾ തങ്ങളുടെ മൊബൈൽ ഫോണുകളും മറ്റ് സ്വകാര്യ ഡിജിറ്റൽ സ്വത്തുക്കളും പിടിച്ചെടുത്തതായി നാല് ഉദ്യോഗസ്ഥരും പറയുന്നു

ന്യൂഡൽഹി: സൈനിക അധികാരികൾ തങ്ങളുടെ ഭരണഘടന പ്രകാരമുള്ള സ്വകര്യതയെ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേണൽ, ലഫ്റ്റനന്റ് കേണൽ റാങ്കിലുള്ള നാല് സൈനികർ സുപ്രീംകോടതിയെ സമീപിച്ചു. ചാരവൃത്തി കേസ് അന്വേഷണത്തിന്റെ ഭാഗമായി തങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും അധാർമിക പെരുമാറ്റമെന്ന് പറഞ്ഞു മൂന്ന് പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്ത നടപടി തങ്ങളുടെ സ്വകാര്യതയുടെ ലംഘനമാണെന്നാണ് ഹർജിയിൽ പറയുന്നത്.

സസ്‌പെൻഷനിലായ രണ്ട് ഉദ്യോഗസ്ഥർ ഡൽഹിയിലെ മിലിട്ടറി ഇന്റലിജൻസ് (എംഐ) ഡയറക്ടറേറ്റിലും മൂന്നാമൻ വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ ഇൻസ്ട്രക്ടറുമായാണ് നിയമിതരായിരുന്നതെന്ന് ഓഫീസർമാരുടെ ഹർജിയിൽ പറയുന്നു. ഹർജി നൽകിയ നാലാമത്തെയാൾ മുംബൈയിലാണ്.

മാർച്ചിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മിലിട്ടറി ഇന്റലിജൻസിന്റെ (ഡിജിഎംഐ) നിർദേശപ്രകാരം സൈനിക അധികാരികൾ തങ്ങളുടെ മൊബൈൽ ഫോണുകളും മറ്റ് സ്വകാര്യ ഡിജിറ്റൽ സ്വത്തുക്കളും പിടിച്ചെടുത്തതായി നാല് ഉദ്യോഗസ്ഥരും പറയുന്നു.

ഇവർ അംഗങ്ങളായ “പാട്യാല പെഗ്” എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവ് (പിഐഒ) നുഴഞ്ഞുകയറിയതായി സംശയിക്കപ്പെടുന്നു, ഇതിലൂടെ രഹസ്യവിവരങ്ങൾ പങ്കിട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് അന്വേഷണം ആരംഭിച്ചതെന്ന് ഹർജിയിൽ പറയുന്നു.

സൈന്യം തുടർന്ന് നടത്തിയ അന്വേഷണത്തിൽ തങ്ങൾക്ക് ചാരവൃത്തി ബന്ധമൊന്നും ഉള്ളതായി കണ്ടെത്തിയില്ലെങ്കിലും, സൈന്യത്തിന്റെ സൈബർ സുരക്ഷാ നയം ലംഘിച്ചതിന് മൂന്ന് പേരെ മെയ് എട്ടിന് സസ്‌പെൻഡ് ചെയ്‌തെന്നും ഹർജിയിൽ പറയുന്നു.

ഇന്ത്യൻ എക്സ്പ്രസ് ഇവരുടെ സസ്പെൻഷൻ ഉത്തരവുകൾ പരിശോധിച്ച്‌, മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള അവരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിച്ച ബോർഡ് ഓഫ് ഓഫീസേഴ്സ് (ബിഓഓ) ഉദ്യോഗസ്ഥർ എന്ന നിലയിൽ അവരുടെ പെരുമാറ്റത്തെ ബാധിക്കുന്ന തെളിവുകൾ കണ്ടെത്തിയതായി പറയുന്നു. ചില ഉദ്യോഗസ്ഥർ അധാർമ്മികവും അനാശാസ്യവുമായ (ലൈംഗിക ദുഷ്പ്രവൃത്തി) പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഭാഗമാണെന്ന് ബിഓഓ കണ്ടെത്തിയാതായി ഉത്തരവിൽ പറയുന്നു.

ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായി അറിയാത്ത വിദേശ പൗരന്മാർ അംഗങ്ങളായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെയും ഭാഗമായിരുന്നു ഉദ്യോഗസ്ഥർ എന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.

നിലവിലെ നയം ലംഘിച്ച് ഒരു ഉദ്യോഗസ്ഥൻ ട്വിറ്റർ ഉപയോഗിക്കുന്നതായും ഫോറൻസിക് പരിശോധന ആവശ്യമായ ചാറ്റുകൾ ഡിലീറ്റ് ചെയ്യുകയും ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുകയും ചെയ്തതായി കണ്ടെത്തി. മൂന്ന് ഉദ്യോഗസ്ഥരെയും ആറ് മാസത്തേക്കാണ് സസ്പെൻഡ്ചെയ്തിരിക്കുന്നത്.

സിആർപിസി പ്രകാരം അവരുടെ ഫോൺ പിടിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടെന്നും അവരുടെ ഫോൺ അനധികൃതമായി കണ്ടുകെട്ടിയതിലൂടെ സ്വയം കുറ്റക്കാരെന്ന് പറയാൻ നിർബന്ധിതരാക്കുകയും ചെയ്‌തെന്ന് ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിച്ച ഹർജിക്കാരുടെ അഭിഭാഷകൻ കേണൽ അമിത് കുമാർ (റിട്ട.) പറഞ്ഞു.

കാരണം കാണിക്കൽ നോട്ടീസ് നൽകാതെയാണ് മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളും കുടുംബങ്ങളുമായുള്ള സംഭാഷണങ്ങൾ വരെ അതിലുണ്ടെന്നും ഫോറൻസിക് പരിശോധന അവരുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഫോണുകൾ സൈനിക അധികാരികൾ നിയമവിരുദ്ധമായി കണ്ടുകെട്ടിയതാണെന്നും സൈന്യത്തിനെ ചാരവൃത്തി അന്വേഷണത്തിൽ സഹായിക്കാൻ തങ്ങളുടെ ഫോണുകൾ സ്വമേധയാ കൈമാറിയെനെ എന്നും നാല് ഉദ്യോഗസ്ഥരും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അവകാശപ്പെട്ടു.

ചാരവൃത്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തങ്ങൾക്കെതിരെ കുറ്റകരമായ ഒന്നും കണ്ടെത്തിയില്ല, എന്നാൽ തങ്ങളുടെ ഫോണുകളിൽ നിന്ന് “അന്യായമായി ലഭിച്ച” സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് തങ്ങളെ “നിയമവിരുദ്ധമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്” എന്ന് അവർ പറഞ്ഞു.

തങ്ങളുടെ സ്വകാര്യത ഉറപ്പ് നൽകുമെങ്കിൽ തങ്ങളുടെ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളും നൽകാൻ തയ്യാറാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആർമി ആക്ടിലോ ആർമി റൂളുകളിലോ ഇത്തരം പിടിച്ചെടുക്കലിന് വ്യവസ്ഥകളില്ലെന്നും അന്വേഷങ്ങൾക്കും സിആർപിസി പ്രകാരമുള്ള നിയമ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും എന്നാൽ തങ്ങളുടെ കാര്യത്തിൽ അത് ഉണ്ടായിട്ടില്ലെന്നും അവർ ഹർജിയിൽ പറയുന്നു.

സൈന്യത്തിന്റെ നടപടികളാൽ തങ്ങളുടെ മൗലികാവകാശം സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും തങ്ങളുടെ കരിയറിനും പേരുകൾക്കും അധികാരികൾ തങ്ങളുടെ നിയമവിരുദ്ധമായ നടപടികളാൽ കളങ്കമുണ്ടാക്കിയെന്നും ഉദ്യോഗസ്ഥർ വാദിച്ചു.

ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവനും സ്വത്തിനുമുള്ള അവകാശം നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ സൈനിക ഉദ്യോഗസ്ഥരിൽ നിന്ന് എടുത്തുകളയാൻ കഴിയുമോ, സ്വകാര്യതയ്ക്കുള്ള അവകാശം തങ്ങൾക്ക് ലഭ്യമാണോ എന്നീ കാര്യങ്ങളിൽ നാല് ഉദ്യോഗസ്ഥരും കോടതിയുടെ വിധി തേടിയിട്ടുണ്ട്.

Also Read: അമര്‍നാഥ് ഗുഹയ്ക്ക് സമീപം മേഘവിസ്‌ഫോടനം; 12 മരണം, 25 പേർക്ക് പരുക്ക്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Phones seized in spy probe charges of immoral conduct 4 army officers move sc over privacy