ഓസ്‌ലോ: സമാധാനത്തിനുള്ള 2021ലെ നൊബേല്‍ സമ്മാനം രണ്ടു മാധ്യമപ്രവര്‍ത്തര്‍ക്ക്. ഫിലിപ്പൈന്‍സ് മാധ്യമപ്രവര്‍ത്തക മരിയ റെസ്സ (58)യ്ക്കും റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ദിമിത്രി മുറടോവി(59)നുമാണു പുരസ്‌കാരം.
ഫിലിപ്പൈന്‍സിലും റഷ്യയിലും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ പോരാട്ടത്തിനു അവരവരുടെ രാജ്യങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ പോരാട്ടത്തിനാണ് റെസ്സയും മുററ്റോവും സമാധാന സമ്മാനത്തിന് അര്‍ഹരായതെന്നു നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍ വുമണ്‍ ബെറിറ്റ് റീസസ്-ആന്‍ഡേഴ്‌സണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനാധിപത്യവും പത്രസ്വാതന്ത്ര്യവും വര്‍ധിച്ചുവരുന്ന പ്രതികൂല സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു ലോകത്ത് ഈ ആദര്‍ശത്തിന് വേണ്ടി നിലകൊള്ളുന്ന എല്ലാ പത്രപ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് ഇരുവരുമെന്നും അവര്‍ പറഞ്ഞു. അധികാര ദുര്‍വിനിയോഗം, നുണകള്‍, യുദ്ധപ്രചാരണം എന്നിവയില്‍നിന്ന് സംരക്ഷിക്കാന്‍ സ്വതന്ത്രവും വസ്തുതാപരവുമായ പത്രപ്രവര്‍ത്തനം സഹായിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
Also Read: അബ്ദുൾറസാക്ക് ഗുർനയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍
മനുഷ്യാവകാശ ലംഘനങ്ങളും അഴിമതിയും തുറന്നുകാട്ടുന്നതിനായി പ്രവര്‍ത്തിച്ചതിനു കൊല ചെയ്യപ്പെട്ട നൊവായ ഗസറ്റ ദിനപത്രത്തിന്റെ ആറ് ലേഖകര്‍ക്കു മുറാടോവ് പുരസ്‌കാരം സമര്‍പ്പിച്ചു.
”ഇഗോര്‍ ദോമ്‌നികോവ്, യൂറി ഷ്‌ചെകോച്ചിഖിന്‍, അന്ന പൊളിറ്റ്‌കോവ്‌സ്‌കയ, സ്റ്റാസ് മാര്‍ക്കെലോവ്, അനസ്താസിയ ബാബുറോവ, നടാഷ എസ്റ്റെമിറോവ – ഇവരാണ് ഇന്ന് നൊബേല്‍ സമ്മാനം നേടിയത്,”മുറാടോവ് പറഞ്ഞു. പത്രത്തിന്റെ മോസ്‌കോയിലെ ആസ്ഥാനത്ത് കൊല്ലപ്പെട്ട ഈ റിപ്പോര്‍ട്ടര്‍മാരുടെയും ആക്റ്റിവിസ്റ്റുകളുടെയും ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
മിഖായേല്‍ ഗോര്‍ബച്ചേവിനു ശേഷം സമാധാന സമ്മാനം നേടുന്ന ആദ്യ റഷ്യക്കാരനാണ് മുറാടോവ്. സോവിയറ്റ് നേതാവായ ഗോര്‍ബച്ചേവിന് 1990ലാണു പുരസ്‌കാരം ലഭിച്ചത്. ഗോര്‍ബച്ചേവ് നോവായ ഗസറ്റയുമായി വളരെക്കാലം ബന്ധപ്പെട്ടിരുന്നു. റഷ്യക്കാര്‍ പുതിയ സ്വാതന്ത്ര്യങ്ങള്‍ പ്രതീക്ഷിച്ചിരുന്ന സോവിയറ്റാനന്തര നാളുകളുടെ തുടക്കത്തില്‍ പത്രം സ്ഥാപിക്കുന്നതിനു സഹായമായി ഗോര്‍ബച്ചേവ് നോബല്‍ സമ്മാനത്തുകയില്‍ കുറച്ച് സംഭാവന ചെയ്തിരുന്നു.
റാപ്ലര്‍ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഫിലിപ്പൈന്‍സില്‍ വര്‍ഷങ്ങളായി കേസുകള്‍ നേരിടുന്ന മരിയ റെസ്സ, ഈ സമ്മാനം തന്റെ സംഘടനയുടെ ദൗത്യത്തെ സഹായിക്കുമെന്ന് പറഞ്ഞു.
Also Read: വൈദ്യശാസ്ത്ര നൊബേൽ ഡേവിഡ് ജൂലിയസിനും ആർഡേം പടാപുടെയ്നും
” നമ്മള്‍ ഒരു ഇരുണ്ട സമയത്തിലൂടെയാണ് കടന്നുപോകുന്നത്, ദുർഘടം പിടിച്ച സമയമാണ്, പക്ഷേ നമ്മൾ അചഞ്ചലമായി മുന്നോട്ടുപോകുമെന്ന് ഞാന്‍ കരുതുന്നു. ഇന്ന് നമ്മള്‍ ചെയ്യുന്നതായിരിക്കും നമ്മുടെ നാളെ എന്തായിരിക്കുമെന്ന് നിര്‍ണയിക്കാന്‍ പോകുന്നതെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു,” അവര്‍ പറഞ്ഞു.
ഫിലിപ്പൈന്‍സിലെ ആദ്യ നോബല്‍ സമ്മാന ജേതാവാണ് മരിയ റെസ്സ. 2012 ല്‍ അവര്‍ ചേര്‍ന്ന് സ്ഥാപിച്ച റാപ്ലര്‍, മയക്കുമരുന്നിനെതിരായ പൊലീസ് നടപടിക്കിടെ നടന്ന വലിയ തോതിലുള്ള കൊലപാതകങ്ങള്‍ ഉള്‍പ്പെടെ അന്വേഷണ റിപ്പോര്‍ട്ടിങ്ങിലൂടെ ശ്രദ്ധേയയായി.
ജര്‍മന്‍ മാധ്യമപ്രവര്‍ത്തകന്‍ കാള്‍ വോണ്‍ ഒസിയറ്റ്‌സ്‌കിക്കുശേഷം 86 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിക്കുന്നത്. തന്റെ രാജ്യത്തിന്റെ യുദ്ധാനന്തര ആയുധ പരിപാടി വെളിച്ചത്തുകൊണ്ടുവന്നതിനായിരുന്നു ഒസിയറ്റ്‌സ്‌കിക്കു പുരസ്‌കാരം ലഭിച്ചത്.
പുരസ്‌കാരം ഏര്‍പ്പെടുത്തിയ ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10ന് സമ്മാനം സമര്‍പ്പിക്കും.