ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ബ്രഹ്‌മോസ് മിസൈല്‍ സംവിധാനം ഫിലിപ്പൈന്‍സ് വാങ്ങുന്നു. 2775 കോടി രൂപ (375 മില്യണ്‍ അമേരിക്കന്‍ ഡോളര്‍)യ്ക്ക് മൂന്ന് ബാറ്ററിയാണു വാങ്ങുന്നത്. ഇന്ത്യയുടെ ആദ്യ സുപ്രധാന ആയുധ കയറ്റുമതിയാണിത്.
മിസൈല്‍ സംവിധാനം കൈമാറുന്നതു സംബന്ധിച്ച് ബ്രഹ്‌മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് (ബി എ പി എല്‍) ഫിലിപ്പൈന്‍സ് റിപ്പബ്ലിക്കിന്റെ ദേശീയ പ്രതിരോധ വകുപ്പുമായി ഇന്ന് കരാര്‍ ഒപ്പിട്ടതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ)യും റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്‌മോസ് മിസൈല്‍ ബി എ പി എല്‍ ആണ് നിര്‍മിക്കുന്നത്.
തീരത്തുനിന്നു വിന്യസിക്കാവുന്ന കപ്പല്‍വേധ മിസൈല്‍ സംവിധാനമാണു നാവികസേനയ്ക്കുവേണ്ടി ഫിലിപ്പൈന്‍സ് വാങ്ങുന്നത്. ഉത്തരവാദിത്തപൂര്‍ണമായ പ്രതിരോധ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്റെ സുപ്രധാന ചുവടുവയ്പാണ് കരാറെന്നു പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇടപാടിനു ഡിസംബര്‍ 31-ന് ഫിലിപ്പീന്‍സ് അനുമതി നല്‍കിയിരുന്നു.
ബ്രഹ്‌മോസ് മിസൈല്‍ വാങ്ങുന്ന ആദ്യ രാജ്യമാണു ഫിലിപ്പൈന്‍സ്. വിയറ്റ്‌നാമും തായ്ലന്‍ഡും ഉള്‍പ്പെടെ തെക്കുകിഴക്കന്‍ ഏഷ്യയിലെ മറ്റ് നിരവധി രാജ്യങ്ങള്‍ മിസൈല്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
Also Read: വര്‍ധിതശേഷിയുമായി ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍; പരീക്ഷണം വിജയം
ദക്ഷിണ ചൈനാ കടലില്‍ ചൈന ആക്രമണ സ്വഭാവമുള്ള നീക്കങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെന്ന പോലെ ഫിലിപ്പൈന്‍സിനും ബ്രഹ്‌മോസ് മിസൈല്‍ കരാര്‍ പ്രധാനമാണ്. ഫിലിപ്പൈന്‍സും ചൈനയുമായുള്ള ബന്ധം വഷളായ അവസ്ഥയാണ്. ഫിലിപ്പൈന്‍ മത്സ്യത്തൊഴിലാളികള്‍ ചൈനയുടെ മാരിടൈം സൈനികരില്‍നിന്നുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ഇന്ത്യയുടെ കാര്യത്തില്‍ കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള 21 മാസത്തിലേറെ നീണ്ട തര്‍ക്കം പരിഹരിക്കപ്പെടാതെ തുടരുന്നു.
സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് ശബ്ദത്തിന്റെ 2.8 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുള്ളതാണ്. 300 മുതല്‍ 500 കിലോ മീറ്റര്‍ പരിധിയില്‍ ശത്രുലക്ഷ്യങ്ങളെ തകര്‍ക്കും. കരയില്‍നിന്നും കപ്പലില്‍നിന്നും അന്തര്‍വാഹിനിയില്‍നിന്നും യുദ്ധവിമാനങ്ങളില്‍നിന്നും വിക്ഷേപിക്കാന്‍ കഴിയും.