ന്യൂഡല്‍ഹി: ‘ദൈവം വിഡ്ഢി’ ആണെന്ന് പറഞ്ഞ് വിവാദത്തില്‍ പെട്ട ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ട് പുതിയ പരാമര്‍ശവുമായി രംഗത്ത്. ദൈവം ഉണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍ താന്‍ പ്രസിഡന്റ് പദം രാജി വെക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദവോഒ നഗരത്തില്‍ നടന്ന ശാസ്ത്ര-സാങ്കേതിക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൈവത്തിന്റെ ഒരു ചിത്രമോ, ദൈവത്തിന് ഒപ്പമുളള സെല്‍ഫിയോ കാണിച്ച് ആരെങ്കിലും ദൈവം ഉണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം ഞാന്‍ രാജി വെക്കും’, ഡ്യൂട്ടേര്‍ട്ട് പറഞ്ഞു. ദൈവത്തെ വിഡ്ഢി എന്ന് വിളിച്ച അദ്ദേഹത്തെ വിമര്‍ശിച്ച് പ്രതികപക്ഷവും ചര്‍ച്ചും രംഗത്തെത്തിയിരുന്നു. ‘മനോരോഗി’ എന്നാണ് ഡ്യൂട്ടര്‍ട്ടിനെ കുറിച്ച് ഒരു ബിഷപ്പ് പരാമര്‍ശിച്ചത്.
ബൈബിളില്‍ ‘പാപം എന്താണ്’ എന്ന വിവരണത്തെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ഡ്യൂട്ടര്‍ട്ട് ദൈവത്തെ വിഡ്ഢിയെന്ന് വിളിച്ചിരുന്നത്. ദവായോയില്‍ ഒരു ഉച്ചകോടിയില്‍ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ദൈവത്തിന്റെ യുക്തി വിഡ്ഢിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ആദം പഴം കഴിച്ചപ്പോള്‍ പാപം ഉണ്ടായി. അങ്ങനെയാണ് പാപം ഉണ്ടായതെങ്കില്‍ ആ ദൈവം വിഡ്ഢിയാണ്. പരിപൂര്‍ണമായ ഒന്നിനെ സൃഷ്ടിച്ച്, അതിനെ വശീകരിച്ച് നശിപ്പിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാക്കുന്ന വിഡ്ഢിത്തം. നമ്മള് ജനിക്കുക പോലും ചെയ്യാത്ത കാലത്ത് നമ്മുടെ അച്ഛനും അമ്മയും ചെയ്ത കാര്യത്തിന്റെ ഫലം നമ്മുടെ പാപമായി കണക്കാക്കുന്നു. എന്ത് മതമാണിത്? എനിക്കിത് അംഗീകരിക്കാനാവില്ല’, ഡ്യുട്ടേര്‍ട്ട് പറഞ്ഞു. സര്‍വ്വ വ്യാപിയായ ഒരു ശക്തിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും എന്നാല്‍ ഒരു മതത്തിലും വിശ്വാസമില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ഇത് ആദ്യമായല്ല അദ്ദേഹം മതപരമായ വിവാദം വിളമ്പുന്നത്. കത്തോലിക് വിശ്വാസത്തെ ചോദ്യം ചെയ്ത് കഴിഞ്ഞ മാസവും അദ്ദേഹം പരാമര്‍ശം നടത്തിയിരുന്നു. ദക്ഷിണ കൊറിയയില്‍ ജോലി ചെയ്യുന്ന ഫിലിപ്പീനിയന്‍ സ്വദേശികള്‍ക്കായി നടത്തിയ ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹം മതത്തെ അധിക്ഷേപിച്ചത്. ഇതേ വേദിയില്‍ വച്ചാണ് സമ്മാനമായി കൊടുത്ത പുസ്തകത്തിന് പകരമായി ഫിലിപ്പീനിയന്‍ യുവതിയെ അദ്ദേഹം ചുംബിച്ചത് വിവാദത്തിലേക്ക് നയിച്ചത്.
കത്തോലിക് ചര്‍ച്ചിലെ അഴിമതിയെ കുറിച്ച് വിവരിക്കുന്ന ‘അല്‍ത്താര്‍ ഓഫ് സീക്രട്ട്സ്: സെക്സ്, പൊളിറ്റിക്സ് ആന്റ് മണി’ എന്ന പുസ്തകമാണ് രണ്ട് മണിക്കൂര്‍ നീണ്ട പ്രസംഗത്തിന് ശേഷം അദ്ദേഹം യുവതിക്ക് നല്‍കിയത്. പുസ്തകം സൗജന്യം അല്ലാത്തത് കൊണ്ട് തന്നെ ആണുങ്ങള്‍ക്ക് തരാനുളളതല്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ആണുങ്ങള്‍ക്ക് പുസ്തകം തരില്ല, കാരണം ഇത് സൗജന്യം അല്ല. ചുംബനമാണ് ഇതിന്റെ വില’, ഡ്യൂട്ടര്‍ട്ടെ പറഞ്ഞു.