scorecardresearch
Latest News

ഇന്ത്യയില്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ ഫൈസര്‍ പിന്‍വലിച്ചു

അതോറിറ്റിയുമായള്ള ആശയവിനിമയം തുടരുമെന്നും അധിക വിവരങ്ങൾ ലഭ്യമാകുന്നത് പ്രകാരം വീണ്ടും അപേക്ഷ സമർപ്പിക്കുമെന്നും കമ്പനി പറയുന്നു

ഇന്ത്യയില്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ ഫൈസര്‍ പിന്‍വലിച്ചു

ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷ പിൻവലിക്കുമെന്ന് അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ഫൈസർ. രാജ്യത്തെ ഉന്നത ഡ്രഗ് റെഗുലേറ്ററിനു കീഴിലുള്ള വിദഗ്‌ധ സമിതിയുമായി ഈ ആഴ്ച ആദ്യം നടന്ന കൂടിക്കാഴ്ചയെത്തുടർന്നാണ് തീരുമാനം. ഫൈസറിൽനിന്ന് സമിതി കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടതാകാം കാരണമെന്നാണ് റിപ്പോർട്ട്.

“കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി മൂന്നിന് നടന്ന ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയുടെ വിദഗ്‌ധ സമിതിയുമായുള്ള യോഗത്തിൽ ഫൈസർ പങ്കെടുത്തു. യോഗത്തിൽ നടന്ന ചർച്ചകളുടെയും കൂടുതൽ വിശദാംശങ്ങൾ വേണമെന്ന റെഗുലേറ്ററിന്റെ ആവശ്യത്തിന്റെയും അടിസ്ഥാനത്തിൽ അപേക്ഷ പിൻവലിക്കാൻ കമ്പനി തീരുമാനിച്ചു,” ഫൈസർ വക്താവ് പറഞ്ഞു.

Read More: റിപ്പോ നാല്‌ ശതമാനത്തില്‍ തുടരും; 10.5 ശതമാനം വളർച്ചയുണ്ടാകുമെന്ന്​ പ്രവചനം

അതോറിറ്റിയുമായുള്ള ആശയവിനിമയം തുടരുമെന്നും അധിക വിവരങ്ങൾ ലഭ്യമാകുന്നത് പ്രകാരം വീണ്ടും അപേക്ഷ സമർപ്പിക്കുമെന്നും കമ്പനി പറയുന്നു. അതേസമയം, എന്തെല്ലാം അധിക വിവരങ്ങളാണ് ഡ്രഗ് റെഗുലേറ്റർ ഫൈസറിൽനിന്ന് ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല.

കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് ആദ്യം അപേക്ഷ നല്‍കിയ കമ്പനി ഫൈസറായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് വാക്‌സിന്റെ ഉപയോഗത്തിനായി ഫൈസര്‍ അനുമതി തേടിയത്. എന്നാല്‍, ഇതിനുശേഷം അനുമതി തേടിയ കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നീ രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് ജനുവരിയില്‍ ഇന്ത്യ അംഗീകാരം നല്‍കിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pfizer withdraws eua application for covid vaccine in india