തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി എഫ് ഐ)യ്‌ക്കെ് ഏര്‍പ്പെടുത്തിയ നിരോധനം രാഷ്ട്രീയ വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ)യെ കാര്യമായി ബാധിച്ചേക്കില്ല. പി എഫ് ഐയെയും എട്ട് അനുബന്ധ സംഘടനകളെയും അഞ്ച് വര്‍ഷത്തേക്കാണു കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.
പി എഫ് ഐയെ കൂടാതെ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ ഐ എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി എഫ് ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എ ഐ ഐ സി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍ സി എച്ച് ആര്‍ ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയെയാണു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു എ പി എ) പ്രകാരം നിരോധിച്ചത്.
2009ല്‍ രൂപീകരിച്ച എസ് ഡി പി ഐയ്ക്കു കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സജീവ സംഘടനാ സംവിധാനമുണ്ട്. കേരളത്തില്‍, പ്രധാനമായും മുസ്ലീം ലീഗിന് എതിരായി നിലകൊള്ളുന്ന സംഘടന വര്‍ഷങ്ങളായി വളര്‍ച്ചയുടെ പാതയിലാണ്. 2020-ല്‍ നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നൂറോളം സീറ്റ് നേടാന്‍ എസ് ഡി പി ഐക്കു കഴിഞ്ഞു. ഏതാനും തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ ഡി എഫിന് എസ് ഡി പി ഐ പിന്തുണ നല്‍കിയിട്ടുമുണ്ട്.
ലീഗിനെതിരായ മുസ്ലിങ്ങളുടെ കൂട്ടായ്മയെന്നനിലയില്‍ സംസ്ഥാനത്ത് എസ് ഡി പി ഐയുമായി ഇടതുമുന്നണിയ്ക്കു രഹസ്യ ധാരണയുണ്ടായിരുന്നു. സി പി എമ്മില്‍നിന്ന് എസ് ഡി പി ഐക്കു ലഭിക്കുന്ന മൗനപിന്തുണ ലീഗിനെ ദുര്‍ബലപ്പെടുത്താനുള്ള ഇടതുപക്ഷ രാഷ്ട്രീയ അജന്‍ഡയായാണു വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പി ഡി പി)യുടെ തകര്‍ച്ച ഗുണം ചെയ്തതു എസ് ഡി പി ഐക്കാണ്. പി ഡി പി സ്ഥാപകന്‍ അബ്ദുള്‍ നാസര്‍ മദനി 2008ലെ ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലിലായതോടെ സംഘടന വലിയ പ്രതിസന്ധി നേരിട്ടു. ഇൗ സാഹചര്യം അനുകൂലമാക്കിയ എസ് ഡി പി ഐ നിരവധി പി ഡി പി പ്രവര്‍ത്തകരെ നേടിയെടുത്തു.
പോപ്പുലര്‍ ഫ്രണ്ടില്‍ മുസ്ലിങ്ങള്‍ മാത്രമാണ് അംഗങ്ങള്‍. എന്നാല്‍ എസ് ഡി പി ഐയില്‍ മുസ്ലിങ്ങളല്ലാത്തവരും ധാരാളമുണ്ട്, പ്രത്യേകിച്ച് ദലിത് വിഭാഗങ്ങളില്‍നിന്നുള്ളവര്‍. തുളസീധരന്‍ പള്ളിക്കലും റോയ് അറയ്ക്കലും എസ് ഡി പി ഐയുടെ സംസ്ഥാന നേതൃത്വത്തിലെ രണ്ട് ഇതര മതസ്ഥരാണ്.
നിരോധനത്തെ മറികടക്കാന്‍ എസ് ഡി പി ഐ എന്ന ബാനര്‍ പി എഫ് ഐയെ സഹായിക്കുമെന്നാണു പൊതുവെ വിലയിരുത്തപ്പെടുന്നത്. പി എഫ് ഐക്കാര്‍ എസ് ഡി പി ഐയിലും തിരിച്ചും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇരു സംഘടനകളും വ്യത്യസ്തമായാണു നിലകൊള്ളുന്നത്. എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കുറ്റകൃത്യങ്ങളിലും രാഷ്ട്രീയ കൊലപാതകങ്ങളിലും ഉള്‍പ്പെട്ടപ്പോഴെല്ലാം പ്രതിരോധിക്കാനുള്ള ബാധ്യത അവരെ തന്നെ ഏല്‍പ്പിച്ച് പി എഫ് ഐ മൗനം പാലിക്കുകയായിരുന്നു.