ബെംഗളുരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി എഫ് ഐ)യെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. പി എഫ് ഐ പ്രവര്‍ത്തകനായ നസീര്‍ പാഷ ഭാര്യ മുഖേന നല്കിയ ഹര്‍ജിയിലാണു ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. പാഷ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
യു എ പി എ നിയമത്തിലെ മൂന്നാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പിലെ വ്യവസ്ഥ അനുസരിച്ച്, നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിന് പ്രത്യേകവും വ്യത്യസ്തവുമായ കാരണങ്ങള്‍ ബന്ധപ്പെട്ട അധികാരി അടിയന്തരമായി രേഖപ്പെടുത്തേണ്ടതുണ്ടായിരുന്നുവെന്നു ഹര്‍ജിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയകുമാര്‍ എസ് പാട്ടീല്‍ വാദിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ഹര്‍ജിയെ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. നിരോധനം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍ ആവശ്യമായ കാരണങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ‘ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും’ അദ്ദേഹം വാദിച്ചു.
സെപ്റ്റംബര്‍ 28നാണു പി എഫ് ഐയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. പി എഫ് ഐയെ കൂടാതെ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് (ആര് ഐ എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന്, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്, റീഹാബ് ഫൗണ്ടേഷന് കേരളം എന്നിവയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അഞ്ചു വര്‍ഷത്തേക്കാണു നിരോധനം.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുസമാധാനത്തിനും വിരുദ്ധമായി തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പി എഫ് ഐയും അനുബന്ധ സംഘടനകളും ഏര്പ്പെടുന്നവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധന ഉത്തരവില്‍ പറഞ്ഞത്.
നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിനായി യു എ പി എ ചുമത്തിയ ആഭ്യന്തര മന്ത്രാലയം, പി എഫ് ഐയും അനുബന്ധ സംഘടനകളും ഐ എസ് ഐ എസ് പോലുള്ള ഭീകര ഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണെന്നും ആരോപിച്ചിരുന്നു.