മുംബൈ: പെട്രോളിയം ഉത്പന്നങ്ങള്‍ ചരക്ക് സേവന നികുതിക്കു (ജിഎസ്ടി) കീഴില്‍ കൊണ്ടുവരണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. മുംബൈയില്‍ ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോള്‍ അടക്കമുള്ളവ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരേണ്ടതുണ്ട്, എന്നാല്‍ ഇത് സമയമെടുത്തേ ചെയ്യാനാകൂ. ജിഎസ്ടിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും ഇപ്പോള്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി എന്നാല്‍ ‘ഗബ്ബര്‍ സിങ് ടാക്സ്’ ആണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. മറ്റുള്ളവര്‍ എഴുതി നല്‍കുന്ന കാര്യങ്ങളാണ് രാഹുല്‍ ഗാന്ധി പറയുന്നത്. സ്വമേധയാ സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും ഫട്നാവിസ് പരിഹസിച്ചു.

ശിവസേന ഒരേസമയം ഭരണകക്ഷിയും പ്രതിപക്ഷവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ജനങ്ങള്‍ അത്തരം രാഷ്ട്രീയം അംഗീകരിക്കില്ല. ശിവസേനയുടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഒരു തരത്തിലുള്ള വിമര്‍ശനങ്ങളും ഉന്നയിക്കാറില്ല. പാര്‍ട്ടിയേക്കാള്‍ വലുതാണ് തങ്ങളെന്ന് കരുതുന്ന ചില നേതാക്കള്‍ ശിവസേനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ