തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂടി. ഇന്ധനവില വര്‍ധനവിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും വില വര്‍ധിച്ചിരിക്കുന്നത്. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് വില വര്‍ധനവുണ്ടായിരിക്കുന്നത്.
പെട്രോളിന് ഇന്ന് 32 പൈസുടെ വര്‍ധനവുണ്ടായി. ഡീസലിന് 28 പൈസയും വര്‍ധിച്ചു. കേരളത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവന്തപുരത്ത് പെട്രോള്‍ വില 81.31 രൂപയിലെത്തിയപ്പോള്‍ ഡീസല്‍ വില 74.15 രൂപയിലെത്തി നില്‍ക്കുകയാണ്. ഏതാണ്ട് ഇതേ തോതിലുള്ള വര്‍ധനവ് സംസ്ഥാനത്തുടനീളം ഉണ്ടായിട്ടുണ്ട്.
വില വര്‍ധനവ് ഉടനെ തന്നെ നിയന്ത്രണ വിധേയമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. രണ്ട് മുതല്‍ നാല് രൂപ വരെ ഉടനെ തന്നെ കുറയ്ക്കാന്‍ ശ്രമിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസുമായും ധനകാര്യ-ഓയില്‍ വകുപ്പ് മന്ത്രാലയങ്ങളുമായും ചര്‍ച്ച നടന്നു വരികയാണെന്നും കേന്ദ്രം അറിയിച്ചു.
എന്നാല്‍ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ അധികൃതര്‍ വ്യക്തമാക്കി. കര്‍ണാടക തിരഞ്ഞെടുപ്പും ഇന്ധന വില വര്‍ധനയും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും അധികൃതര്‍ പറഞ്ഞു.