രാജ്യത്ത് പെട്രോള്‍ വില വീണ്ടും കുതിക്കുന്നു. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും വലിയ വിലയായ ലിറ്ററിന് 74.08 രൂപയില്‍ എത്തി നില്‍ക്കുകയാണ്. ഇതിന് മുമ്പ് 2013 ല്‍ പെട്രോള്‍ വില 74.10 രൂപയില്‍ എത്തിയിരുന്നു. രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളായ കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവടങ്ങളിലും വര്‍ധനവുണ്ടായി. 76.78 രൂപ, 81.93 രൂപ, 76.85 രൂപ എന്നിങ്ങനെയാണ് യഥാക്രമം പുതിയ നിരക്ക്.

കൊല്‍ക്കത്തയില്‍ ഏറ്റവും കൂടുതല്‍ വില എത്തിയത് 2014 ലായിരുന്നു. അന്ന് വില 78.03 രൂപയില്‍ എത്തിയിരുന്നു. മുംബൈയില്‍ 2014 മാര്‍ച്ചില്‍ പെട്രോള്‍ വില 82.07 രൂപയായിരുന്നു. ചെന്നൈയില്‍ 2014 ജൂലായില്‍ പെട്രോല്‍ വില 76.93 രൂപ ആയിരുന്നു.

അതേസമയം, ഡീസല്‍ വിലയിലും പുതിയ റെക്കോര്‍ഡ് വര്‍ധനവുണ്ടായിട്ടുണ്ട്. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ യഥാക്രമം 65.31 രൂപ, 68.01 രൂപ, 69.54 രൂപ, 68.90 രൂപ എന്നിങ്ങനെയാണ് പുതിയ വില.

ഇന്ധന വിലവര്‍ധനവിനെതിരെ മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ഇന്ന് രംഗത്തെത്തിയിരുന്നു. രാജ്യത്ത് 22 സംസ്ഥാനങ്ങള്‍ ഭരിക്കുന്നുവെന്ന് ഊറ്റം കൊള്ളുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും എന്നാല്‍ എന്തുകൊണ്ട് പ്രെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നില്ലെന്നുമായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ