ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ വില ഇനി മുതൽ എല്ലാ ദിവസവും പുതുക്കുമെന്ന് റിപ്പോർട്ട്. ഇക്കണോമിക് ടൈംസാണ് ഈ റിപ്പോർട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ അധികരിച്ച് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. തീരുമാനം ഈ മാസം 15 ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും
മെയ് ഒന്ന് മുതൽ രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങളിൽ പെട്രോൾ വില ദിവസവും പുതുക്കാനുള്ള നടപടികൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ നടപടിയെന്നാണ് വിവരം. അതേസമയം ഡീസൽ വില പുതുക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
നിലവിൽ ഇന്ത്യയിലെ മൂന്ന് പൊതുമേഖലാ ഇന്ധന വിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർ മാസത്തിൽ രണ്ട് തവണ വില പുതുക്കി നിശ്ചയിക്കാറുണ്ട്. ആഗോള ക്രൂഡ് ഓയിൽ വില പരിഗണിച്ചാണ് ഇത്തരത്തിൽ മാറ്റം വരുത്തുന്നതെന്നാണ് വിവരം.
പോണ്ടിച്ചേരി, വിശാഖപട്ടണം, ഉദയ്പൂർ, ജംഷഡ്പൂർ എന്നിവിടങ്ങളിലാണ് നേരത്തേ ഇന്ധന വില പരീക്ഷണാടിസ്ഥാനത്തിൽ ദിവസവും പുതുക്കിയിരുന്നത്. ഇപ്പോഴത്തെ നീക്കം ഇനി മുതൽ ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കി വിപണി വിലയും മാറ്റാൻ കൂടുതൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.