ന്യൂഡല്‍ഹി: കഴിഞ്ഞ 16 ദിവസമായി രാജ്യം ഉണരുന്നത് ഇന്ധന വില വര്‍ധിച്ചെന്ന വാര്‍ത്തയിലേക്കാണ്. എന്നാല്‍ ഇന്ത്യയെ കാത്തിരുന്നത് ഇന്ധന വില കുറഞ്ഞെന്ന വാര്‍ത്തയാണ്. പക്ഷെ എത്ര രൂപയാണ് കുറഞ്ഞതെന്നറിഞ്ഞാല്‍ സന്തോഷം തോന്നില്ലെന്നു മാത്രം.

16 ദിവസങ്ങള്‍ക്ക് ശേഷം കുറഞ്ഞത് ഒരു പൈസ മാത്രമാണ്. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു നിര്‍ത്തിവച്ചിരുന്ന വില വര്‍ധനവ് വീണ്ടും ആരംഭിച്ചത്. 16 ദിവസത്തിനിടെ പെട്രോളിന് 3.74 രൂപയാണ് കൂടിയത്.

അതേസമയം, പെട്രോളിന് ലിറ്ററിന് 60 പൈസയുടെ കുറവെന്നായിരുന്നു രാവിലെ വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചത്. എന്നാല്‍ 60 പൈസ കുറഞ്ഞിട്ടില്ലെന്നും ഒരു പൈസയാണ് കുറഞ്ഞതെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തിരുത്തുകയായിരുന്നു.

അതേസമയം, കേരളത്തില്‍ പെട്രോളിന്റേയും ഡീസലിന്റേയും നികുതയില്‍ ഇളവ് വരുത്താന്‍ മന്ത്രി സഭാ യോഗം ഇന്ന് തീരുമാനമെടുത്തിട്ടുണ്ട്. എത്രയാണ് കുറയ്‌ക്കേണ്ടതെന്ന് സംബന്ധിച്ച തീരുമാനം പിന്നീട് എടുക്കുമെന്നും പുതിയ വില മറ്റന്നാള്‍ മുതല്‍ നിലവില്‍ വരുമെന്നുമാണ് മന്ത്രി സഭാ യോഗത്തിലെ തീരുമാനം.

നേരത്തെ, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം ഇന്ധന നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. നിലവില്‍ പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണ് കേരളം ഈടാക്കുന്ന നികുതി. ഇന്ധന വില വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും വന്‍ വര്‍ദ്ധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാനത്തിന് ലഭിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook