ന്യൂഡല്‍ഹി: മേയ് ഒന്നു മുതല്‍ അന്താരാഷ്ട്ര വിപണികളിലേതു പോലെ ഇന്ത്യയിലും പെട്രോള്‍ ഡീസല്‍ വിലയില്‍ ദിവസേന മാറ്റം വരും. തുടക്കത്തില്‍, അഞ്ചു നഗരങ്ങളില്‍ കൊണ്ടുവരുന്ന ഈ വ്യവസ്ഥ വൈകാതെ തന്നെ രാജ്യമൊട്ടാകെ വിന്യസിപ്പിക്കും എന്നാണ് എണ്ണകമ്പനികള്‍ പറയുന്നത്. രാജ്യത്തെ 95% പമ്പുകളുടെയും ഉടമസ്ഥതയുള്ള പെട്രോള്‍-ഡീസല്‍ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത്‌ പെട്രോളിയം കോര്‍പ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ് ലിമിറ്റഡ് എന്നിവര്‍ ഈ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് ധാരണയില്‍ എത്തിയിട്ടുണ്ട്.

“ആത്യന്തികമായി, രാജ്യമൊട്ടാകെയുള്ള പമ്പുകളെ പ്രതിദിന മാർക്കറ്റ്‌ അധിഷ്ഠിതമായ വിലനിലവാരത്തിലേക്ക് കൊണ്ടുപോവുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത്.” ഐഒസി ചെയര്‍മാന്‍ ബി.അശോക്‌ പിടിഐയോട് പറഞ്ഞു.

പുതുച്ചേരി, വിശാഖപട്ടണം, ആന്ധ്രാപ്രദേശ്, ഉദൈപൂര്‍, ജംഷഡ്പൂര്‍, ചണ്ഡിഗഡ് എന്നീ നഗരങ്ങളില്‍ ആണ് ഈ രീതി ആദ്യം പ്രാബല്യത്തില്‍ വരിക. അന്താരാഷ്ട്ര കമ്പോളനിരക്കും പണവിനിമയനിരക്കും അടിസ്ഥാനപ്പെടുത്തി എല്ലാ മാസവും ഒന്നാം തീയതിയും പതിനാറാം തീയതിയും ഇന്ധനനിരക്കുകള്‍ പുതുക്കുന്ന രീതിയാണ് ഇന്ന്‍ രാജ്യത്ത് നിലനില്‍ക്കുന്നത്.

ദ്വൈവാര ശരാശരിയെ ആശ്രയിക്കാതെ ആഗോള ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകളും അന്താരാഷ്ട്ര വിപണിയിലെ ഡോളര്‍- രൂപ വിനിമയനിരക്കും ഇനി നേരിട്ട് ഇന്ധനവിലയില്‍ പ്രതിഫലിക്കും.

പെട്രോള്‍ വില നിര്‍ണയിക്കാനുള്ള സര്‍ക്കാര്‍ അധികാരത്തെ 2010 ജൂണില്‍ എടുത്തുകളഞ്ഞിരുന്നു. ഒക്ടോബര്‍ 2014ഓടു കൂടി ഡീസലിന്റെ കാര്യത്തിലും ഈ തീരുമാനം പ്രാബല്യത്തില്‍ കൊണ്ടുവന്നു. ദിവസേന ഇന്ധനവിലയില്‍ ഏറ്റകുറച്ചിലുകള്‍ വരുന്നതോടെ. പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനകള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ ഇല്ലാതാവും എന്നതും മറ്റൊരു വസ്തുതയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ