ന്യൂഡൽഹി: കുതിച്ചുയരുന്ന പെട്രോളിയം വില പിടച്ചുനിർത്താൻ എക്സൈസ് തീരുവ കുറയക്ക്ണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. പെട്രോളിയം മന്ത്രാലയം ഇക്കാര്യം 2018-19 ലെ ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം കുതിച്ചുയർന്ന പെട്രോളിയം വില ഇപ്പോൾ ഏറ്റവും കൂടിയ നിലയിലാണ്. 2014 മാർച്ച് മുതലുളള കണക്കെടുത്താൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ നിലവിൽ വന്നത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 72.38 രൂപയാണ് വില. ഇത് കേരളത്തിൽ തിരുവനന്തപുരത്ത് 76.12 രൂപയും കൊച്ചിയിൽ 74.80രൂപയും കോഴിക്കോട് 75.08 രൂപയുമാണ് ഒരു ലിറ്റർ പ്രെട്രോളിന് വിലയായത്. മുംബൈയിൽ ഇത് ഡിസംബർ മധ്യത്തോടെ തന്നെ 80 രൂപ കടന്നിരുന്നു.

ബജറ്റിന് മുമ്പ് നൽകുന്ന മെമ്മോറാണ്ടത്തിലാണ് ധനമന്ത്രി അരുൺ ജെയ്‌റ്റ‌്‌ലി ഇക്കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പെട്രോളിയം വ്യവസായ മേഖലയിൽ നിന്നും ലഭിച്ച നിർദേശങ്ങൾ കൈമാറിയിട്ടുണ്ടെന്ന് പെട്രോളിയം സെക്രട്ടറി കെ.ഡി.ത്രിപാഠി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെട്രോളിന് കേന്ദ്രം ഏർപ്പെടുത്തിയിട്ടുളള എക്സൈസ് തീരുവ ലിറ്ററിന് 19.48 രൂപയും ഡീസലിന് ലിറ്ററിന് 15.33 രൂപയുമാണ്.

സാധാരണക്കാരന് മേലുളള ഭാരം കുറയ്ക്കാനായി എക്സൈസ് നികുതി കുറയ്ക്കണമെന്നാണ് ആവശ്യമുയർന്നിട്ടുളളത്. ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം 2014 നവംബർ മുതൽ 2016 ജനുവരി വരെ ഒമ്പത് തവണയാണ് എക്സൈസ് നികുതി വർധിപ്പിച്ചത്. ഇത് ആഗോള തലത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞപ്പോഴായിരുന്നു ഇവിടെ വില വർധിച്ചിരുന്നത്. ആകെ ഇതിനിടയിൽ കഴിഞ്ഞ ഒക്ടോബറിൽ രണ്ട് രൂപയാണ് തീരുവ ഇനത്തിൽ കുറച്ചത്.

കഴിഞ്ഞ വർഷം ജൂണോടെ 15 വർഷത്തെ രീതി പൊതുമേഖലാ പെട്രോളിയം കമ്പനികൾ ഉപേക്ഷിച്ചു. എല്ലാ മാസവും ഒന്നിനും പതിനാറിനും വില മാറ്റം വരുത്തുന്ന രീതി മാറ്റി ദിനേന വ്യത്യാസം വരുത്തുന്ന രീതിയിലേയ്ക്ക് മാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ